Kerala
Governor to attend public program at Calicut University today; SFI to intensify protest,Governor-SFI,Governor kerala
Kerala

ഗവർണർ ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും; പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്‌ഐ

Web Desk
|
18 Dec 2023 12:56 AM GMT

കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല കാമ്പസ്

മലപ്പുറം: എസ്.എഫ്.ഐ പ്രതിഷേധം നിലനിൽക്കെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ 'ഗുരുനവോത്ഥാനത്തിന്റെ പ്രവാചകൻ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക.

കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്‌ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല കാമ്പസ്.

വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതിനാൽ ഗവർണറുടെ തുടർ നീക്കവും ഉണ്ടാവാൻ സാധ്യതയുണ്ട്.

അതിനാടകീയ രംഗങ്ങൾക്കാണ് കാലിക്കറ്റ് സർവകലാശാല കാമ്പസ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഗവർണർക്കെതിരെ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറുകൾ ഗവർണർ തന്നെ നേരിട്ടത്തി അഴിപ്പിച്ചു. ഗവർണർ അഴിപ്പിച്ച ബാനറുകൾക്ക് പകരം ബാനറുകളും പോസ്റ്ററുകളും പതിപ്പിച്ച എസ്.എഫ്.ഐ ഗവർണറുടെ കോലം കത്തിച്ചു.

കാമ്പസിനകത്ത് എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവന്നപ്പോഴാണ് ബാനറുകൾ ഗവർണറുടെ ശ്രദ്ധയിൽ പെടുന്നത്. വൈകിട്ട് 6.30ന് മാധ്യമങ്ങളെ കണ്ട എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഒരു ബാനർ അഴിച്ചു നീക്കിയാൽ 100 ബാനർ കാമ്പസിനകത്ത് ഉയർത്തും എന്ന് ആഹ്വാനം ചെയ്യുന്നു.

നിമിഷങ്ങൾക്കകം ഗസ്റ്റ് ഹൗസിൽ നിന്നും പുറത്ത് വന്ന ഗവർണർ മലപ്പുറം ജില്ലാ പൊലീസ് മേധാവിയോടുൾപ്പെടെ രോഷാകുലനായി. എസ്.പി യെക്കൊണ്ടുതന്നെ ബാനർ അഴിപ്പിച്ചു. സർവകലാശാല വൈസ് ചാൻസാലറെയും രജിസ്ട്രാരെയും ഗവർണർ വിളിച്ചുവരുത്തി ശകാരിച്ചു. ഉടൻ തന്നെ പ്രതിഷേധ പ്രകടനമായി എസ്എഫ്‌ഐ പ്രവർത്തകർ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് നീങ്ങി. ബാരിക്കേടിന് മുകളിൽ ബാനർ കെട്ടിയ പ്രതിഷേധക്കാർ ഗവർണറുടെ കോലം കത്തിച്ചു.

ഗവർണർക്കെതിരെ കൂടുതൽ പ്ലാക്കർഡുകളും പോസ്റ്ററുകളും പതിപ്പിച്ച എസ്എഫ്‌ഐ പ്രവർത്തകർ ഗവർണറുടെ കാരിക്കേച്ചർ വരച്ചും പാട്ടുപാടിയും പ്രതിഷേധിച്ചു. ഇന്ന് നടക്കാനിരിക്കുന്ന സെമിനാറിനെതിരെ ജനാധിപത്യ രീതിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് എസ്.എഫ്.ഐ നേതൃത്വത്തിന്റെ തീരുമാനം. ഗവർണറുടെ പ്രതിരോധ ശൈലി ഇന്നലത്തേതിന് സമാനമാണെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകാൻ തന്നെയാണ് സാധ്യത.

Similar Posts