Kerala
നിയമവിരുദ്ധ ഉള്ളടക്കമുള്ള ഓർഡിനൻസിൽ ഒപ്പുവെക്കില്ലെന്ന് ഗവർണർ
Kerala

നിയമവിരുദ്ധ ഉള്ളടക്കമുള്ള ഓർഡിനൻസിൽ ഒപ്പുവെക്കില്ലെന്ന് ഗവർണർ

Web Desk
|
15 Nov 2022 8:50 AM GMT

'പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമ്മർദം ചെലുത്താമെന്ന് കരുതരുത്'

നിയമവിരുദ്ധ ഉള്ളടക്കമുള്ള ഓർഡിനൻസിൽ ഒപ്പുവെക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുജിസി മാനദണ്ഡങ്ങൾക്കെതിരായി ഓർഡിനൻസിൽ ഒപ്പിടുമെന്നാണോ കരുതിയത്? വിസിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുപ്രിംകോടതി വിധിയിലുണ്ട്. ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ഓർഡിനൻസ് കണ്ടിട്ടില്ലെന്നും ഗവർണർ പറഞ്ഞു.

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമ്മർദം ചെലുത്താമെന്ന് കരുതരുത്. എല്ലാവരും അവരവരുടെ അധികാര പരിധി മാനിക്കണം. എന്നാൽ ഏറ്റുമുട്ടൽ ഉണ്ടാവില്ല. സർവകലാശാലകളെ പാർട്ടി സ്വത്താക്കാൻ അനുവദിക്കില്ലെന്നും ഗവർണർ ഡല്‍ഹിയില്‍ പറഞ്ഞു.

ഗവർണർക്കെതിരെ ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചാണ് എൽ ഡി എഫ് രാജ്ഭവൻ ധർണ സംഘടിപ്പിച്ചത്. നന്ദാവനത്ത് നിന്ന് തുടങ്ങിയ മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഗവർണർക്കെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും എൽഡിഎഫ് കുറിച്ചത് പുതിയ ചരിത്രമാണെന്നും യെച്ചൂരി പറഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ല. ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണറെന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ആവശ്യമെന്നും ഡിഎംകെ നേതാവ് തിരുച്ചി ശിവ പറഞ്ഞു.

Similar Posts