Kerala
ഗവർണറുടെ മാധ്യമ വിലക്ക്; വായ് മൂടിക്കെട്ടി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം
Kerala

ഗവർണറുടെ മാധ്യമ വിലക്ക്; വായ് മൂടിക്കെട്ടി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

Web Desk
|
7 Nov 2022 2:06 PM GMT

കേരളം ഗവർണറോട് ഗെറ്റ് ഔട്ട് പറയുന്ന കാലം വരുമെന്ന് ബിനോയ് വിശ്വം പറഞ്ഞു

തിരുവനന്തപുരം: ഗവർണറുടെ മാധ്യമ വിലക്കിനെതിരെ ഡിവൈഎഫ്‌ഐയുടെ രാജ്ഭവൻ മാർച്ച്. വായ് മൂടിക്കെട്ടിയാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. അതേസമയം, കേരളം ഗവർണറോട് ഗെറ്റ് ഔട്ട് പറയുന്ന കാലം വരുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. നെറികെട്ട പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി രാജ്ഭവനെ മാറ്റാൻ ഗവർണർ ശ്രമിക്കുകയാണ്. ബിജെപിക്ക് നടത്താൻ പറ്റാത്ത പ്രവർത്തനങ്ങൾ നടത്താൻ ഒരു സ്വയംസേവകനെ പോലെ ഗവർണർ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനയെ ചവിട്ടി താഴ്ത്താനുള്ള ശ്രമമാണ് ഗവർണറുടേതെന്ന് ജോൺബ്രിട്ടാസ് പറഞ്ഞു. പത്രസമ്മേളനത്തിന് മെയിൽ അയച്ച് അനുമതി വാങ്ങണം എന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. മീഡിയവൺ, കൈരളി എന്നീ ചാനലുകളോട് സംസാരിക്കില്ലെന്നും ഇരു ചാനലിന്റെയും പ്രതിനിധികൾ ഇറങ്ങിപ്പോകണമെന്നും ഗവർണർ പറഞ്ഞിരുന്നു. ഗവർണർക്കെതിരെ ക്യാമ്പയിൻ നടത്തുന്നു എന്ന് ആരോപിച്ചാണ് ചാനലുകളോട് ഇറങ്ങിപ്പോകാൻ പറഞ്ഞത്.

രാജ്ഭവനിൽനിന്ന് ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മീഡിയവൺ റിപ്പോർട്ടർ ഗവർണറുടെ വാർത്താസമ്മേളനത്തിനെത്തിയത്. എന്നാൽ വാർത്താസമ്മേളനം തുടങ്ങിയപ്പോൾ കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ മീഡിയവണും കൈരളിയും ഇവിടെനിന്ന് ഇറങ്ങിപ്പോകണമെന്ന് ക്ഷുഭിതനായി പറയുകയായിരുന്നു.

മീഡിയവണിനും കൈരളിക്കും പുറമെ റിപ്പോർട്ടർ ടിവിയും ഗവർണറുടെ വാർത്താസമ്മേളനം ബഹിഷ്‌കരിച്ചു. നേരത്തെയും ഗവർണർ മീഡിയവണിന് വിലക്കേർപ്പെടുത്തിയിരുന്നു. അന്നും കേഡർ മാധ്യമമെന്ന് വിളിച്ചാണ് മീഡിയവൺ അടക്കമുള്ള മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞത്. മീഡിയവണിന് പുറമെ കൈരളി, റിപ്പോർട്ടർ എന്നീ ചാനലുകൾക്കാണ് അന്ന് വിലക്കുണ്ടായിരുന്നത്.

Related Tags :
Similar Posts