ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നതിനുള്ള ഇൻസെന്റീവ് വെട്ടിക്കുറച്ച് സർക്കാർ
|കഴിഞ്ഞ പിണറായി വിജയൻ സർക്കാരാണ് ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നതിന് ഇൻസെന്റീവ് പ്രഖ്യാപിച്ചത്
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നതിനുള്ള ഇൻസെന്റീവ് സർക്കാർ വെട്ടിക്കുറച്ചു. സഹകരണ സംഘങ്ങൾക്ക് 50 രൂപ നൽകിയിരുന്നത് 30 രൂപയാക്കിയാണ് കുറച്ചത്. മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്.
ഇന്ന് പുറത്തിറക്കിയ ധനവകുപ്പിന്റെ ഉത്തരവിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. കഴിഞ്ഞ പിണറായി വിജയൻ സർക്കാരാണ് ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നതിന് ഇൻസെന്റീവ് പ്രഖ്യാപിച്ചത്. സഹകരണ സംഘങ്ങൾക്കായിരുന്നു അതിന്റെ ചുമതല. നേരത്തെ പ്രഖ്യാപിച്ച തുക ഈ സഹകരണ സംഘങ്ങൾക്ക് കൊടുക്കാൻ ധനവകുപ്പിന് സാധിച്ചിരുന്നില്ല. 40 രൂപ പെൻഷൻ തുക വീട്ടിൽകൊണ്ടുപോയി കൊടുക്കുന്നയാൾക്കും 10 രൂപ സഹകരണ സംഘത്തിനും വേണ്ടിയായിരുന്നു നിശ്ചയിച്ചിരുന്നത്. ആരോഗ്യ സ്ഥിതി മോശമായവർക്ക് പെൻഷൻ തുക നേരിട്ട് വീട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇനി മുതൽ 25 രൂപയായിരിക്കും പെൻഷൻ തുക വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്നയാളിന് ലഭിക്കു. അഞ്ച് രൂപ സഹകരണ സംഘത്തിനും ലഭിക്കും.