Kerala
സംസ്ഥാനത്ത് ഡയസ്‍നോൺ പ്രാബല്യത്തിൽ; ജീവനക്കാർ ഓഫീസുകളിൽ എത്തണമെന്ന് സർക്കാര്‍
Kerala

സംസ്ഥാനത്ത് ഡയസ്‍നോൺ പ്രാബല്യത്തിൽ; ജീവനക്കാർ ഓഫീസുകളിൽ എത്തണമെന്ന് സർക്കാര്‍

Web Desk
|
29 March 2022 12:54 AM GMT

ഉത്തരവ് അംഗീകരിക്കില്ലെന്ന് സർവീസ് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: പണിമുടക്കിനെ നേരിടാൻ ഹൈക്കോടതി നിർദേശ പ്രകാരം സർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിച്ച ഡയസ്നോൺ നിലവിൽ വന്നു. ഉത്തരവ് അംഗീകരിക്കില്ലെന്ന് സർവീസ് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാർ ഹാജരായില്ലെങ്കിൽ കോടതി നിലപാട് നിർണായകമാകും.

ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും രണ്ടു ദിവസത്തെ സമരത്തിൽ ഭാഗമായിരുന്നു. എന്നാൽ സർവീസ് ചട്ടപ്രകാരം സർക്കാർ ജീവനക്കാർ സമരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കുകയും ജീവനക്കാർ ഹാജരാകാൻ വേണ്ടി ഉത്തരവിറക്കണമെന്ന് സർക്കാരിന് നിർദേശം നൽകുകയും ചെയ്തിരുന്നു. വിധിയിൽ സർക്കാർ നിയമോപദേശം തേടി. ഉത്തരവിറക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്ന് എജി നിയമോപദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഡയസ്നോൺ പ്രഖ്യാപിച്ചു ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം പണിമുടക്ക് ദിവസം ഹാജരാകാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല.

ഓഫീസുകളിൽ ഹാജർ ഉറപ്പാക്കാൻ ഉദ്യോഗസ്ഥൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വാഹന സൗകര്യമൊരുക്കാൻ കെ.എസ്.ആര്‍.ടി.സിക്ക് നിർദേശം നൽകി. ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാരെ തടഞ്ഞാൽ ശിക്ഷ ഉറപ്പാക്കും. പണിമുടക്ക് ദിവസം അത്യാവശ്യക്കാർക്ക് മാത്രമാണ് അവധി. മനഃപൂർവം ജോലിക്കെത്താത്തവരെ സർവീസിൽ നിന്നും പുറത്താക്കും. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നും ഉത്തരവുണ്ട്. എന്നാൽ സമരത്തിൽ ഉറച്ച് നിൽക്കുകയാണ് സർവീസ് സംഘടനകൾ.

Similar Posts