എസ്എഫ്ഐ സമരത്തെ ന്യായീകരിച്ച് സർക്കാർ; ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരും
|- സമരത്തിന്‍റെ കാരണം ഗവർണറുടെ കാവിവത്കരണം ആണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു
തിരുവനന്തപുരം: സമരം തുടരുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചതോടെ ഗവർണർ സർക്കാർ പോര് മറ്റൊരു തലത്തിലേക്ക്. ക്യാമ്പസുകളില്‍ എത്തിയാല്‍ ഗവർണറെ തടയുന്നതിനൊപ്പം കരിങ്കൊടി പ്രതിഷേധം തുടരാനാണ് എസ് എഫ് ഐ തീരുമാനം. പ്രതിഷേധം ഉണ്ടാകുമ്പോള്‍ ഗവർണർ കാറില്‍ നിന്ന് പുറത്തിറങ്ങിയത് ശരിയാണോ എന്ന് ചോദിച്ച മന്ത്രി പി രാജീവ് എസ് എഫ് ഐ സമരത്തെ ന്യായീകരിച്ചു.
സമരത്തിന്‍റെ കാരണം ഗവർണറുടെ കാവിവത്കരണം ആണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു. സമരം തുടരുമെന്ന എസ് എഫ് ഐ പ്രഖ്യാപനത്തോടെ വരും ദിവസങ്ങളിലും സംഘർഷത്തിന് അയവില്ലെന്ന് വ്യക്തമായിട്ടുണ്ട്. എസ് എഫ് ഐ ഗവർണർ പോരിനപ്പുറം ഗവർണർ സർക്കാർ പോരിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സിപിഎം നിർദ്ദേശപ്രകാരമാണ് കടുത്ത പ്രതിഷേധവുമായി എസ് എഫ് ഐ രംഗത്ത് വന്നിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ബോധപൂർവ്വമായ പ്രവർത്തനമാണ് ഗവർണർ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ വാദം അസംബന്ധമാണെന്നും പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയതാണ് അവസാനം സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഗവർണർക്ക് വേഗത്തില്‍ റിപ്പോർട്ട് നല്‍കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. തനിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗവർണർ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുന്നതിനൊപ്പം കേന്ദ്രത്തിന് പരാതി നല്‍കാനുള്ള സാധ്യത സിപിഎം കാണുന്നുണ്ട്.