ഗവർണർ അനുവദിച്ച സമയം രാവിലെ പതിനൊന്നരവരെ; നിയമപരമായി നേരിടാൻ വിസിമാർക്ക് സർക്കാർ നിർദേശം
|ശക്തമായ ഗവർണർ-സർക്കാർ പോരിന് വരും ദിവസങ്ങളിൽ കേരളം സാക്ഷിയാവും
തിരുവനന്തപുരം: ഗവർണറുടെ രാജി ആവശ്യത്തിന് വിസിമാർ വഴങ്ങേണ്ടെതില്ലെന്ന് സർക്കാർ നിർദേശം. ഗവർണർ പുറത്താക്കുകയാണെങ്കിൽ നിയമ പോരാട്ടം നടത്താമെന്നാണ് സർക്കാരിന്റെ തീരുമാനം. സ്വയംഭരണ സ്ഥാപനങ്ങളായതിനാൽ സർവകലാശാലകൾ തന്നെയാവും ചാൻസിലർക്ക് എതിരെ നിയമ വഴി തേടുക.
കെടിയു വിസി നിയമനം റദ്ദാക്കിയത് സുപ്രിംകോടതിയാണ്. അത് അംഗീകരിച്ച് ഡിജിറ്റൽ സർവകലാശാല വിസിക്ക് പകരം ചുമതല നൽകാൻ സർക്കാർ ചാൻസിലർക്ക് ശിപാർശ നൽകി. ബാക്കിയുള്ള വിസിമാർ ആരും രാജിവെക്കേണ്ടതില്ലെന്നാണ് സർക്കാർ തലത്തിലെ ധാരണ. നിലവിലെ സുപ്രിംകോടതി വിധി കെടിയു വിസി നിയമന കാര്യത്തിൽ മാത്രം ബാധകമെന്ന നിലപാടിലാണ് സർക്കാർ. ഗവർണർ വിസിമാരെ പുറത്താക്കുന്നതിലേക്ക് കടക്കുമെന്ന് സർക്കാർ കരുതുന്നു. അതിനാൽ നിയമവിദഗ്ദരുമായി സർക്കാർ ചർച്ചകൾ തുടങ്ങി.
ഗവർണറുടേത് ഏകപക്ഷീയ നീക്കമാണെന്നും സർക്കാരിന് കൂച്ചു വിലങ്ങിടാനാണ് ശ്രമമെന്നും സർക്കാർ വിലയിരുത്തി. യുജിസി നിയമ പ്രകാരം ചാൻസിലർക്ക് വിസിയെ പുറത്താക്കണമെങ്കിൽ സ്വഭാവ ദൂഷ്യമോ സാമ്പത്തിക ക്രമക്കേടോ കണ്ടെത്തണം. അതിനാൽ രാജിവെക്കില്ലെന്നാണ് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ നിലപാട്. ഇതോടെ ശക്തമായ ഗവർണർ-സർക്കാർ പോരിന് വരും ദിവസങ്ങളിൽ കേരളം സാക്ഷിയാവും.
കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോട് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടിരിക്കുന്നത്.