ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; അര്‍ജുന്റെ കുടുംബത്തിന് സാമ്പത്തിക സഹായം
|കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ ഉറ്റവരെയും വീടും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന് ജെന്‍സണെയും നഷ്ടമായിരുന്നു. വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് പ്രാര്‍ഥനകളെല്ലാം വിഫലമാക്കി ജെന്സണ് വിടപറഞ്ഞത്. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം.
ജൂലൈ 16നാണ് കർണാടകയിലെ ദേശീയപാത 66ൽ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചില്‍ അര്‍ജുനെ കാണാതാകുന്നത്. കാണാതായി 72-ാം ദിവസമാണ് ഗംഗാവലിപ്പുഴയുടെ ആഴങ്ങളില്‍ നിന്നും അര്‍ജുനെയും ലോറിയെയും കണ്ടെടുക്കുന്നത്.
വയനാട് ദുരന്തത്തിൽപ്പെട്ടവർക്കുള്ള സഹായം വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപ നൽകും. മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. വനിതാ ശിശു വികസന വകുപ്പാണ് പണം നൽകുക.
പുനരധിവാസത്തിന് രണ്ട് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽ സ്റ്റോൺ എസ്റ്റേറ്റ് എന്നിവയാണവ. ഇവിടെയാണ് ടൗൺഷിപ്പ് നിർമിക്കുക. ദുരന്തനിവാരണ നിയമം പ്രകാരം ഭൂമി ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.