കെ.ടി.യു, വി.സി നിയമനത്തിന് സർക്കാർ നിയമോപദേശം: 15 ലക്ഷം രൂപ അനുവദിച്ചു
|മുൻ അറ്റോണി ജനറൽ കെ.കെ വേണുഗോപാലാണ് സർക്കാരിന് നിയമോപദേശം നല്‍കിയത്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല(കെ.ടി.യു) വി.സി നിയമനത്തില്‍ സർക്കാർ നിയമോപദേശം തേടിയതിന് 15 ലക്ഷം രൂപ അനുവദിച്ചു. മുന്‍ വി.സി, എം.എസ് രാജശ്രീയുടെ വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കിയ നടപടിക്കെതിരായാണ് സർക്കാർ നിയമോപദേശം തേടിയത്. മുൻ അറ്റോണി ജനറൽ കെ കെ.വേണുഗോപാലാണ് സർക്കാരിന് നിയമോപദേശം നല്‍കിയത്.
യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് കെടിയു വിസി നിയമനം കോടതി റദ്ദാക്കിയത്. വിസി നിയമനങ്ങളിൽ അടക്കം യുജിസി ചട്ടങ്ങൾ പാലിച്ചെ മതിയാകൂവെന്നായിരുന്നു ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സാങ്കേതിക സര്‍വ്വകലാശാല വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വി.സി ഡോ എം.എസ് രാജശ്രീ സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കിയിരുന്നു.
അതേസമയം കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗിസിനെ നിയമിച്ചതിനെതിരായ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഉച്ചക്ക് 1.45 ന് വിധി പ്രസ്താവം നടത്തുക. പ്രിയ വർഗീസിന്റെ നിയമനം മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നാണ് ഹരജി.