സിസാ തോമസിനെതിരെ പ്രതികാര നടപടിക്ക് സർക്കാര്‍ നീക്കം
|സിസാ തോമസ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന് നൽകിയ ഹരജിയിൽ ഇന്ന് വാദം നടക്കും
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താത്കാലിക വി.സി സിസാ തോമസിനെതിരെ അച്ചടക്ക നടപടി വേണമെന്ന് സർക്കാർ. സിസാ തോമസ് ട്രൈബ്യൂണലിന് നൽകിയ ഹരജിയിൽ ഇന്ന് വാദം നടക്കും. ഈ മാസം 31 ന് സിസാ തോമസ് സർവീസിൽ നിന്ന് വിരമിക്കും.
വിരമിക്കുന്നതിന് മുന്നോടിയായി അച്ചടക്ക നടപടി ഒഴിവാക്കാൻ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ സർക്കാരിനെതിരെ ഹരജി നൽകി. ഹരജിയിൽ മാർച്ച് 23 വരെ അച്ചടക്ക നടപടി പാടില്ലെന്ന് ട്രൈബ്യൂണൽ സർക്കാരിന് നിർദേശവും നൽകിയിരുന്നു. ഇതിന് ശേഷം ഇന്ന് വീണ്ടും ഹരജി പരിഗണിക്കുമ്പോള്‍ സിസാ തോമസ് സർവീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് സർക്കാർ വാദിക്കും. ചാൻസലർ പദവി ഉപയോഗിച്ചായിരുന്നു ഗവർണർ സിസക്ക് വിസി ചുമതല കൈമാറിയത്. നിയമപ്രകാരം ചാൻസലർ നൽകുന്ന പദവി ഏറ്റെടുക്കണമെന്ന് നിർബന്ധമില്ലെന്നും പദവി ഏറ്റെടുക്കുകയാണെങ്കിൽ വകുപ്പ് മേധാവിയുടെയടക്കം അനുമതി വാങ്ങണമെന്നും സർക്കാർ ട്രൈബ്യൂണലിന് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. സിസ തോമസിന്റെ നിയമനം അംഗീകരിക്കപ്പെട്ടാൽ ഗവർണർക്ക് കൂടിയാലോചനകളില്ലാതെ ആരെ വേണമെങ്കിലും വി.സി സ്ഥാനത്തേക്ക് നിയമിക്കാമെന്നും സർക്കാർ വാദിക്കും.
എന്നാൽ സർവീസ് ചട്ടം 44 ലംഘിച്ചുവെന്ന സർക്കാർ വാദത്തെ സിസാ തോമസ് തള്ളി. നിലവിലെ ചുമതല ഉപേക്ഷിച്ച് പുതിയ പദവി ഏറ്റെടുക്കുന്നതിനാണ് സർക്കാരിന്റെ അനുമതി വേണ്ടത്. എന്നാൽ താൻ അധിക ചുമതല എന്ന നിലക്കാണ് വി.സി സ്ഥാനം ഏറ്റെടുത്തതെന്നും അത് നിയമപ്രകാരമാണെന്നും സിസാ തോമസ് പറഞ്ഞു.