Kerala
40ലേറെ തവണ ഹാജരായിട്ടും ഒരു രൂപപോലും നൽകിയില്ല; മധു വധക്കേസിൽ പ്രോസിക്യൂട്ടറെ അവഗണിച്ച് സർക്കാർ
Kerala

'40ലേറെ തവണ ഹാജരായിട്ടും ഒരു രൂപപോലും നൽകിയില്ല'; മധു വധക്കേസിൽ പ്രോസിക്യൂട്ടറെ അവഗണിച്ച് സർക്കാർ

Web Desk
|
20 Sep 2022 3:11 AM GMT

240 രൂപയാണ് അഭിഭാഷകന് ഒരു ദിവസത്തെ ഫീസ്. ഈ പണം പോലും സർക്കാർ നൽകാൻ തയ്യാറായിട്ടില്ല

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രോസിക്യൂട്ടർക്ക് പണം നൽകാതെ സർക്കാർ. ഒരു ലക്ഷത്തിലധികം രൂപ കേസിലെ നാലാമത്തെ പബ്ലിക് പ്രോസിക്യൂട്ടറായെത്തിയ രാജേഷ് എൻ. മേനോൻ കൈയിൽ നിന്നും ചെലവാക്കിയിട്ടും പണം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. 40ലേറെ തവണ ഹാജരായിട്ടും ഒരു രൂപപോലും നൽകിയിട്ടില്ലെന്നാണ് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടുന്നത്. 240 രൂപയാണ് അഭിഭാഷകന് ഒരു ദിവസത്തെ ഫീസ്. ഈ പണം പോലും സർക്കാർ നൽകാൻ തയ്യാറായിട്ടില്ല. പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കലക്ടർക്ക് കത്തുനൽകിയിരിക്കുകയാണ്. ഫീസ് ലഭികാത്തതിനെ തുടർന്ന് അഭിഭാഷകർ നേരത്തെ കേസിൽ നിന്നും പിൻമാറിയിരുന്നു.

അഭിഭാഷകന് പണം നൽകണമെന്ന് മധുവിന്റെ കുടുംബം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഗവർണർ അട്ടപ്പാടിയിലെത്തിയപ്പോഴും ഇക്കാര്യം ഉന്നയിച്ചിരുന്നു. മന്ത്രി കെ. കൃഷ്ണൻ കുട്ടിയോടും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മധുവധക്കേസിൽ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 11ാം പ്രതി അബ്ദുൽ കരീമിന് മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റേതാണ് വിധി. മരയ്ക്കാർ, അനീഷ്, ഷംസുദ്ദീൻ, ബിജു, സിദ്ദിഖ് തുടങ്ങി 12 പ്രതികളാണ് വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് കേസിൽ ഒരു സാക്ഷി കൂടി കൂറുമാറിയിരുന്നു. 46ാം സാക്ഷി ലത്തീഫ് ആണ് കൂറുമാറിയത്. സംഭവം നടക്കുമ്പോൾ മുക്കാലിയിൽ പോയിട്ടില്ലെന്നും ഒന്നും കണ്ടിട്ടില്ലെന്നും ലത്തീഫ് കോടതിയിൽ പറഞ്ഞു.

കേസിൽ ഇരുവരെ 22 സാക്ഷികളാണ് കൂറുമാറിയത്. 44 ആം സാക്ഷി ഉമ്മറും 45 ആം സാക്ഷി മനുവും നേരത്തെ നൽകിയ മൊഴിയിൽ ഉറച്ച് നിന്നു. ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു. കോടതി നടപടികൾ ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി വിചാരണക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

Govt not paying prosecutor in Attapadi Madhu murder case

Similar Posts