ലോക്ഡൗണ്‍ മാനദണ്ഡം പരിഷ്‌കരിക്കും: ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍
|ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.
കോവിഡ് തടയാനുള്ള സമ്പൂർണ അടച്ചിടലിനു ബദൽ മാർഗം തേടി സർക്കാർ. എല്ലാക്കാലവും ഇങ്ങനെ അടച്ചിടാനാകില്ലെന്നും പകരം ശാസ്ത്രീയ മാർഗങ്ങൾ അന്വേഷിക്കണമെന്നും കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയേയും ചുമതലപ്പെടുത്തി.
നീണ്ടുപോകുന്ന അടച്ചിടലിൽ ഉയരുന്ന ജനരോഷം മനസ്സിലാക്കിയും അതിലെ അതൃപ്തി പരസ്യമാക്കിയുമായിരുന്നു ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങളെ ബാധിക്കുന്നതിനാൽ ഏറെക്കാലം ഈ രീതിയിൽ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകാനാകില്ല. ശാസ്ത്രീയമായ ബദൽ മാർഗങ്ങൾ കണ്ടെത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരണോയെന്ന കാര്യത്തിലും മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. വിശദമായ പഠനം നടത്തി ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാ മേഖലകളിലേയും വിദഗ്ധരുമായി ചർച്ച നടത്തിയാകും റിപ്പോർട്ട് തയ്യാറാക്കുക.
വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യ വിദഗ്ധരും ഉൾപ്പെട്ട ടീമിനാണ് ഇതിന്റെ ചുമതല. ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകി പ്രാദേശികതലത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ ആലോചന. എന്നാൽ ദിവസേന ടിപിആര്‍ വർധിച്ചു വരുന്നതിനാൽ ഇളവുകൾ എത്രത്തോളം നൽകാനാകുമെന്ന കാര്യത്തിൽ വിദഗ്ധ സമിതിക്ക് സംശയങ്ങളുണ്ട്.
സംസ്ഥാനത്തെ രോഗവ്യാപനത്തിൽ കേന്ദ്രത്തിനും അതൃപ്തിയുണ്ട്. കേന്ദ്രത്തിലെ വിദഗ്ധ സംഘം കേരളത്തിൽ തുടരുകയുമാണ്. ഈ സാഹചര്യത്തിൽ അവരുടെ അഭിപ്രായവും നിർണായകമാകും. ക്ലസ്റ്ററുകൾ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. വിനോദ സഞ്ചാരികൾക്ക് പ്രയാസം സൃഷ്ടിക്കരുത്. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ അനാവശ്യ ഇടപെടൽ പാടില്ലെന്നും ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള വാക്‌സിനേഷൻ സൗകര്യം വർദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിമാസം ഒരു കോടി പേർക്ക് കോവിഡ് വാക്‌സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലു ലക്ഷം ഡോസ് വാക്‌സിൻ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ആഴ്ചയിൽ 25 ലക്ഷം ഡോസ് വാക്‌സിൻ എന്ന കണക്കിൽ പ്രതിമാസം ഒരു കോടി ഡോസ് നൽകാനാവും. ഇതിനായി കൂടുതൽ വാക്‌സിനുവേണ്ടി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൗൺ. അവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങൾക്കും അവധിയാണ്.