ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ എൻ.പ്രശാന്തിനെതിരെ അച്ചടക്ക നടപടിക്ക് സർക്കാർ
|ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എൻ. പ്രശാന്തിനോട് വിശദീകരണം തേടും. മറുപടിയുടെ അടിസ്ഥാനത്തിൽ തുടർന്ന് നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം.
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോരിൽ എൻ. പ്രശാന്തിനെതിരെ അച്ചടക്ക നടപടി ആലോചിച്ച് സർക്കാർ.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യമായ വിമർശനങ്ങൾ ഉന്നയിക്കുകയും അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ഐഎഎസിനെതിരെ കമന്റിലൂടെ മറുപടി നൽകുകയും ചെയ്തതലിൽ സർക്കാരിൽ കടുത്ത അതൃപ്തിയുണ്ട്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എൻ. പ്രശാന്തിനോട് വിശദീകരണം തേടും. മറുപടിയുടെ അടിസ്ഥാനത്തിൽ തുടർന്ന് നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം.
ജയതിലകിനെക്കുറിച്ച് പൊതുജനമറിയേണ്ട ചില കാര്യങ്ങള്‍ തുറന്നുപറയുമെന്ന് പ്രശാന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി ജയതിലകെന്നും എഫ്ബി പോസ്റ്റുകളിലെ മറുപടിയില്‍ പ്രശാന്ത് പറയുന്നു. എന്‍. പ്രശാന്ത് എസ്‌സി-എസ്ടി വകുപ്പിന് കീഴിലുള്ള ഉന്നതിയിലുണ്ടായിരുന്ന കാലത്തെ ചില ഫയലുകള്‍ കാണാനില്ലെന്ന് വാര്‍ത്തയാണ് രൂക്ഷവിമര്‍ശനങ്ങള്‍ക്ക് പിന്നില്‍.
ജോലിക്ക് കൃത്യമായി പ്രശാന്ത് ഹാജരാവാറില്ലെന്ന ജയതിലകന്‍റെ റിപ്പോര്‍ട്ടും പരസ്യഏറ്റുമുട്ടലിന് പ്രശാന്തിനെ പ്രേരിപ്പിച്ചതായാണ് വിവരം. അതേസമയം ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണനെതിരെയും വരും ദിവസങ്ങളിൽ നടപടി ഉണ്ടാകും എന്നാണ് സൂചന.