Kerala
കേന്ദ്രം അനുകൂലം; കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി
Kerala

കേന്ദ്രം അനുകൂലം; കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി

Web Desk
|
23 Oct 2021 6:14 AM GMT

കെ-റെയിൽ പദ്ധതി മൂലമുണ്ടാകുന്ന കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു

കേന്ദ്ര റെയിൽവേ മന്ത്രി രണ്ടുകാര്യത്തിലുള്ള വ്യക്തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ പരിശോധിച്ച ശേഷം മറുപടി നൽകും. രണ്ടുവിഭാഗങ്ങളും തമ്മിൽ ചർച്ച ചെയ്തു വിഷയം പരിഹരിക്കും. കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുകൂലം തന്നെയാണ്-മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സിൽവർ ലൈൻ പദ്ധതി. സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അനുയോജ്യമായുള്ള സീറോ പൊല്യൂഷൻ പദ്ധതി കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ-റെയിൽ പദ്ധതി മൂലമുണ്ടാകുന്ന കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിദേശ ഏജൻസികളിൽനിന്നുള്ള വായ്പാബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

63,941 കോടി രൂപയാണ് സിൽവർലൈൻ പദ്ധതിക്ക് ആകെ ചെലവ്. ഇതിൽ 33,700 കോടി രൂപയാണ് രാജ്യാന്തര ഏജൻസികളിൽനിന്ന് വായ്പയെടുക്കാൻ തീരുമാനിച്ചത്. ഇതിന്റെ നിശ്ചിത ശതമാനം ബാധ്യത കേന്ദ്രവും സംസ്ഥാനവും വഹിക്കുമെന്നായിരുന്നു ധാരണ. ഇതിലാണ് വ്യക്തത വരുത്താൻ കേന്ദ്രം ഇപ്പോൾ നിർദേശം നൽകിയത്. നിലവിലെ സാഹചര്യത്തിൽ ഈ ബാധ്യത ഏറ്റെടുക്കാൻ കേന്ദ്രത്തിന് സാധിക്കില്ലെന്നും സംസ്ഥാനത്തിന് ഏറ്റെടുക്കാനാകുമോയെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു. പരിശോധിച്ച് തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയയൻ അറിയിച്ചിട്ടുണ്ട്.

Similar Posts