Kerala
രൂപേഷിനുമേൽ യുഎപിഎ ചുമത്തണമെന്ന ആവശ്യത്തിൽ നിന്നും സർക്കാർ പിന്മാറുന്നു;  ഹരജി പിൻവലിക്കാൻ നിർദേശം നൽകി
Kerala

രൂപേഷിനുമേൽ യുഎപിഎ ചുമത്തണമെന്ന ആവശ്യത്തിൽ നിന്നും സർക്കാർ പിന്മാറുന്നു; ഹരജി പിൻവലിക്കാൻ നിർദേശം നൽകി

Web Desk
|
23 Aug 2022 2:29 AM GMT

കുറ്റ്യാടി,വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് റദ്ദാക്കിയിരുന്നത്

കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനുമേൽ യു.എ.പി.എ ചുമത്തണമെന്ന ആവശ്യത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറുന്നു. ഹൈക്കോടതി റദ്ദാക്കിയ രൂപേഷിന്റെ യുഎപിഎ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രിംകോടതിയിൽ നൽകിയ ഹരജി പിൻവലിക്കാൻ ചീഫ് സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന് നിർദേശം നൽകി.

വളയം, കുറ്റ്യാടി കേസുകളുമായി ബന്ധപ്പെട്ടായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. കുറ്റ്യാടി,വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് റദ്ദാക്കിയിരുന്നത്. യുഎപിഎ ചുമത്തിയതിനെതിരെ രൂപേഷ് നൽകിയ ഹരജി അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണംചെയ്‌തെന്നാരോപിച്ച് 2013 ൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014-ൽ വളയം പോലീസ് സ്റ്റേഷനിൽ ഒരു കേസിലുമാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയിരുന്നത്. എന്നാൽ യുഎപിഎ അതോറിറ്റിയിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നൽകിയ ഹരജിയിൽ ഹൈക്കോടതി സിംഗിൾ, ഡിവിഷൻ ബെഞ്ചുകൾ അനുകൂല ഉത്തരവുകൾ പുറപ്പടുവിക്കുകയായിരുന്നു.

തുടർന്നാണ് യുഎപിഎ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രിംകോടതിയിൽ ഹരജി നൽകിയത്. ഈ നീക്കത്തിനെതിരെ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

Related Tags :
Similar Posts