''മലപ്പുറത്തെ രാജാവാണ് വാപ്പയെന്ന് വല്ലിപ്പ പറഞ്ഞിട്ടുണ്ട്'': വാരിയംകുന്നത്തിന്റെ കൊച്ചുമകൾ ഹാജിറ
|''റമീസ് കൊണ്ടുവന്ന പുസ്തകത്തിലെ വാരിയംകുന്നത്തിന്റെ ഫോട്ടോ കണ്ട് അറിയാതെ കരഞ്ഞുപോയിട്ടുണ്ട്. ആ ബുക്കിലെ അതേ ഛായ ഞങ്ങളുടെ കുടുംബത്തിലെ പലര്‍ക്കുമുണ്ട്''
മലപ്പുറത്തെ രാജാവാണ് വാപ്പയെന്ന് വല്ലിപ്പ പറഞ്ഞിട്ടുണ്ടെന്നും അന്നത് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ലെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ ഹാജിറ. ഒരു രാജാവിന്റെ മകന് ജീവിച്ച സ്ഥിതി നമുക്കറിയാമല്ലോ! നമ്മടെ വലിപ്പ രാജാവായിരുന്നുവെന്നത് അക്കാലത്ത് പറയുമ്പോള്‍ വിശ്വസിക്കാനേ ബുദ്ധിമുട്ടായിരുന്നു. ഒരു കഥപോലെ വലിപ്പ പറയുകയാണെന്നാണ് വിചാരിച്ചത്. അത് സത്യമാണ് പറയുന്നതെന്ന് ഇപ്പോഴല്ലേ അറിയുന്നതെന്നും വാരിയംകുന്നത്ത് ഹാജിറ പറഞ്ഞു. ജി.ഐ.ഒ കേരള പുറത്തിറക്കിയ അഭിമുഖ വീഡിയോയിലാണ് വാരിയംകുന്നത്ത് ഹാജിറ പിതാമഹന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പഴയ ചരിത്ര കഥകള്‍ ഓര്‍ത്തെടുത്തത്.
യുദ്ധങ്ങളെ കുറിച്ച് വല്ലിയുപ്പ പറഞ്ഞിട്ടുണ്ട്. പൂക്കോട്ടൂരിലെ വലിയ യുദ്ധവും അതില്‍ രക്തസാക്ഷികളായവരെ കുറിച്ചും പറഞ്ഞു. ചന്തപ്പുര കത്തിച്ചതും ചേക്കുട്ടിയുടെ തലവെട്ടിയതും വലിയുപ്പ പറയുമ്പോള്‍ അതെല്ലാം യഥാര്‍ത്ഥ ചരിത്രമാണെന്ന് അറിഞ്ഞിരുന്നില്ല. ചെറിയപ്രായമല്ലേ, ഒരു കഥപോലെ കേട്ടതാണന്ന്. റമീസ് കൊണ്ടുവന്ന പുസ്തകത്തിലെ വാരിയംകുന്നത്തിന്റെ ഫോട്ടോ കണ്ട് അറിയാതെ കരഞ്ഞുപോയിട്ടുണ്ട്. ആ ബുക്കിലെ അതേ ഛായ ഞങ്ങളുടെ കുടുംബത്തിലെ പലര്‍ക്കുമുണ്ട്- വാരിയംകുന്നത്ത് ഹാജിറ പറഞ്ഞു.
ഗവേഷകന് റമീസ് മുഹമ്മദിന്റെ സുല്‍ത്താന്‍ വാരിയംകുന്നന് എന്ന പുസ്തകത്തിലൂടെയാണ് മലബാര്‍ വിപ്ലവ നായകന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രം ആദ്യമായി പുറത്തുവരുന്നത്. ഫ്രഞ്ച് ആര്‍ക്കൈവ്സില്‍ നിന്നാണ് വാരിയംകുന്നത്തിന്റെ ചിത്രം റമീസിന് ലഭിക്കുന്നത്. സയന്‍സ് എറ്റ് വോയേജസിലെ 1922 ആഗസ്റ്റിലെ പതിപ്പിലാണ് വാരിയംകുന്നത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നത്.