'യുക്രൈനിൽ നിന്നും വരുന്നവർക്ക് ഗ്രീൻ ചാനൽ വഴി ചികിത്സ ഉറപ്പാക്കും': മന്ത്രി വീണാ ജോർജ്
|യുദ്ധ സാഹചര്യത്തിൽ നിന്നും വരുന്നവർക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നും മന്ത്രി വീണാ ജോർജ്
യുക്രെയ്നിൽ നിന്നും വരുന്നവർക്ക് ഗ്രീൻ ചാനൽ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.
യുദ്ധ സാഹചര്യത്തിൽ നിന്നും വരുന്നവർക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നും ആവശ്യമെങ്കിൽ ഇവർക്ക് മെഡിക്കൽ കോളേജുകൾ വഴിയും പ്രധാന സർക്കാർ ആശുപത്രികൾ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നാല് ഇന്റർനാഷണൽ എയർപോർട്ടുകളിലും ഡൊമസ്റ്റിക് എയർപോർട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാൻ സംവിധാനമേർപ്പെടുത്തും.
ഇതിനായി എയർപോർട്ടുകളിൽ ഹെൽത്ത് ഡെസ്‌കുകൾ സ്ഥാപിച്ചു വരികയാണ്. ഇവിടെ വിദഗ്ധ ഡോക്ടർമാരുടെ സേവനമൊരുക്കും. തുടർ ചികിത്സ ആവശ്യമായവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുക്രൈനിൽ നിന്നും 11 വിദ്യാർഥികളുടെ ആദ്യ സംഘമാണ് ഇന്ന് കൊച്ചിയിലെത്തിയത്.
യുക്രൈനിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി. ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ അതിർത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.