ഷാരോൺ വധക്കേസ്: കൊലയാളി ഗ്രീഷ്മ അറസ്റ്റിൽ
|ഗ്രീഷ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്.
തിരുവനന്തപുരം: പാറശാലയിൽ ഷാരോണെന്ന യുവാവിനെ കഷായത്തിൽ വിഷം ചേർത്തുനൽകി കൊന്ന കേസിൽ പ്രതി ഗ്രീഷ്മ അറസ്റ്റിൽ. നെടുമങ്ങാട് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ചികിത്സയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയിൽ വച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഗ്രീഷ്മയുടെ മൊഴി ആശുപത്രിയിലെത്തി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ഗ്രീഷ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്.
ഈ സാഹചര്യത്തിൽ ഗ്രീഷ്മയുടെ അമ്മയെയും അച്ഛനെയും അമ്മാവനെയും ബന്ധുവായ യുവതിയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലു പേരെയും നാലിടത്താക്കിയാണ് ചോദ്യം ചെയ്യൽ.
രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് ശുചിമുറിയിലേക്ക് പോയ ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഛർദിച്ചതിനെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്രീഷ്മയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
മകന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഷാരോണിന്റെ കുടുംബം. ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് അമ്മയുടെയും അമ്മാവന്റെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് ഷാരോണിന്റെ അച്ഛൻ പറഞ്ഞു.
ഗ്രീഷ്മയുടെ അമ്മ പ്രണയത്തിന് എതിരായിരുന്നു. ഈ ബന്ധം തുടർന്നാൽ തന്റെ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഗ്രീഷ്മ പറയുന്നതിന്റെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും അത് ഇന്ന് പൊലീസിന് കൈമാറുമെന്നും ഷാരോണിന്റെ അച്ഛൻ പറഞ്ഞു.
ഇന്നലെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ്, ഷാരോണിനെ കഷായത്തിൽ വിഷം ചേർത്തുനൽകി കൊന്നതാണെന്ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. പുറത്തുവന്ന വാട്ട്സ്ആപ്പ് ഓഡിയോകളും ചാറ്റ് സ്ക്രീൻഷോട്ടും ഫോണിലെ സെർച്ച് ഹിസ്റ്ററിയുമടക്കമുള്ള തെളിവുകൾ നിരത്തിയുള്ള എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്.
ആദ്യ ഭർത്താവ് മരിക്കുമെന്നാണ് ജാതകമെന്നു ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ ഷാരോണിനെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തിന്റെ പേരിലല്ലെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു യുവാവുമായി കല്യാണം ഉറപ്പിച്ചതിനാൽ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നുമാണ് കഴിഞ്ഞദിവസം എഡിജിപി പറഞ്ഞത്.
ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കാപ്പിക് എന്ന കീടനാശിനി കലർത്തിയാണ് ഗ്രീഷ്മ ഷാരോണിന് നൽകിയത്. തുടർന്ന് കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ വൃക്കയുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ ദ്രവിച്ച് ഈ മാസം 25ന് മരിക്കുകയായിരുന്നു.