ഷാരോണിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ സുഹൃത്തിനും പങ്ക്; മാതാപിതാക്കൾക്ക് പങ്കില്ലെന്ന് റിപ്പോർട്ട്
|എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
തിരുവനന്തപുരം: ഷാരോൺ രാജിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ സുഹൃത്തിനും പങ്കെന്നും റിപ്പോർട്ട്. ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന് പിന്നിൽ ഒരാൾക്ക് കൂടി വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ഗ്രീഷ്മയുടെ മാതാപിതാക്കൾ കൊലപാതകത്തിൽ പങ്കില്ല. ഗ്രീഷ്മയും കുടുംബവും ചേർന്നാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.
എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. ജ്യൂസിലും കഷായത്തിലും വിഷം കലർത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. ഈ മാസം 14നാണ് സുഹൃത്ത് റിജിനൊപ്പം ഷാരോൺ ഗ്രീഷ്മയുടെ വീട്ടിലെത്തിയത്. റിജിനെ പുറത്തുനിർത്തി പെൺകുട്ടിയുടെ വീട്ടിലേക്ക് പോയ ഷാരോൺ ഛർദിച്ച് അവശനായാണ് തിരിച്ചുവന്നത്. പെൺകുട്ടി നൽകിയ ജ്യൂസ് കുടിച്ചതായി ഷാരോൺ സുഹൃത്തിനോട് പറഞ്ഞിരുന്നു.
അടുത്ത ദിവസം ഷാരോണിന്റെ വായ്ക്കുള്ളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടു. 17-ാം തിയ്യതിയാണ് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഷാരോണിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ നിരവധി തവണ ചോദിച്ചെങ്കിലും ജ്യൂസ് കുടിച്ചെന്ന് മാത്രമാണ് ഷാരോൺ പറഞ്ഞത്. ഒക്ടോബർ 19ന് സ്ഥിതി കൂടുതൽ വഷളായതോടെയാണ് കഷായവും കുടിച്ചിരുന്നതായി ഷാരോൺ വെളിപ്പെടുത്തിയത്.