കോൺഗ്രസ് പുഃനസംഘടന തർക്കത്തിൽ അയയാതെ ഗ്രൂപ്പുകള്‍; താരിഖ് അൻവറിനെ ബഹിഷ്‌ക്കരിക്കാൻ ഗ്രൂപ്പ് നേതൃത്വം
|താരിഖിൽ നിന്നും നീതി കിട്ടിയിട്ടില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ
തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടനാ പ്രശ്നങ്ങളിൽ സമവായ ശ്രമവുമായി എത്തുന്ന കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ബഹിഷ്‌ക്കരിക്കാൻ ഗ്രൂപ്പ് നേതൃത്വം. നാളെ കേരളത്തിൽ എത്തുന്ന താരിഖിനെ കാണേണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. കോൺഗ്രസിലെ തർക്കപരിഹാരത്തിനാണ് താരിഖ് കേരളത്തിൽ എത്തുന്നത്. താരിഖിൽ നിന്നും നീതി കിട്ടിയിട്ടില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. അതിനാൽ ഹൈക്കാമാൻഡിനെ സമീപിക്കാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് നേതാക്കള്‍. ഇതിന് മുൻപ് പരാതികള്‍ നൽകിയപ്പോഴും കെ.പി.സി.സി നേതൃത്വത്തോട് മൃതുവായ സമീപനമാണ് താരിഖ് എടുത്തതതെന്നും ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അതേ സമയം കേരളത്തിൽ വെച്ച് തന്നെ പ്രശ്നം പരിഹരിക്കുമെന്നാണ് എ.ഐ.സി.സിയുടെ നിലപാട്. മൂന്ന് ദിവസം താരിഖ് അൻവർ കേരളത്തിൽ ഉണ്ടാകും. കേരളത്തിലെ പ്രശ്നങ്ങൾ തീർക്കാൻ ഏഴംഗ കമ്മിറ്റി എല്ലാ മുതിർന്ന നേതാക്കളുമായി സംസാരിച്ചെന്ന് താരിഖ് അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചില ബ്ലോക്കുകളിൽ ഉള്ള പ്രശ്നം താൻ കേരളത്തിൽ പോകുമ്പോൾ പരിഹരിക്കുമെന്നും താരിഖ് വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ്സ് പുനസംഘടന തർക്കം കോടതിയിലേക്ക് എത്തിയിരുന്നു. മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽ കുമാർ ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. പ്രസിഡണ്ടുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്ക് എതിരെന്നായിരുന്നു പരാതി. തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ തുടങ്ങിയവർക്കെതാരെയാണ് ഹരജി.