Kerala
sm street kozhikode,GST Department Raid, GST Raid,GST Department Raid on sm street kozhikode; Officers traders were locked up,മിഠായി തെരുവിൽ ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്; ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിട്ടു
Kerala

മിഠായിത്തെരുവില്‍ ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്; ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിട്ടു

Web Desk
|
14 July 2023 8:57 AM GMT

27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജി.എസ്.ടി ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ

കോഴിക്കോട്: മിഠായിത്തെരുവില്‍ ജി.എസ്.ടി വകുപ്പിൻറെ റെയ്ഡ്. വ്യാപകമായ നികുതി തട്ടിപ്പ് നടക്കുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി ഇന്റലിജൻസ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജി.എസ്.ടി ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ ടി.എ അശോകൻ പറഞ്ഞു. പരിശോധനകൾ പൂർത്തിയാക്കിയാലേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ നിന്നും വില്പനയ്ക്കുള്ള ചരക്ക് വാങ്ങിയതായി വ്യാജ രേഖ സൃഷ്ടിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. ഈ ചരക്കുകൾക്ക് വാങ്ങിയ സംസ്ഥാനത്ത് തന്നെ നികുതി നൽകിയ വിവരങ്ങളും ഓൺലൈനായി രേഖപ്പെടുത്തും. പിന്നീട് കച്ചവടക്കാർക്ക് കേരളത്തിൽ നികുതി നൽകേണ്ടതില്ല. ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഈ സാധനങ്ങൾ സ്ഥാപനങ്ങളിൽ എത്തിയില്ല എന്ന് കണ്ടെത്തി. ജില്ലയിലെ 25 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 27 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത് . ഈ സ്ഥാപനങ്ങൾ തമ്മിൽ ബന്ധമുള്ളതായും ഉദ്യോഗസ്ഥർ അറിയിച്ചു.

മിഠായിത്തെരുവിലെ ലേഡീസ് വേൾഡിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയപ്പോഴാണ് ജീവനക്കാർ തടഞ്ഞത് . എന്നാൽ ഇത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയ ശേഷം റെയ്ഡ് തുടരുകയായിരുന്നു. ഇത്തരം തട്ടിപ്പുകളുടെ കൃത്യമായ വ്യാപ്തി വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും ജി.എസ്.ടി ഇന്റലിജൻസ് അറിയിച്ചു.


Similar Posts