സ്കൂൾ മാനേജരിൽ നിന്നും ഈടാക്കിയായാലും ഗസ്റ്റ് അധ്യാപികയുടെ ശമ്പളം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
|ആലപ്പുഴ കണ്ടങ്കരി ദേവീവിലാസം ഹയർ സെക്കന്ററി സ്കൂളിൽ ജോലി ചെയ്ത അധ്യാപികക്ക് ശമ്പളം നൽകാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്
2019 ജൂലൈ 1 മുതൽ ഡിസംബർ 19 വരെ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത അധ്യാപികക്കുള്ള ശമ്പളം സ്കൂൾ മാനേജരിൽ നിന്നും ഈടാക്കിയാണെങ്കിൽ പോലും ഉടൻ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആലപ്പുഴ കണ്ടങ്കരി ദേവീവിലാസം ഹയർ സെക്കന്ററി സ്കൂളിൽ ജോലി ചെയ്ത അധ്യാപികക്ക് ശമ്പളം നൽകാനാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.
റീജിയണൽ ഡപ്യൂട്ടി ഡയറക്ടറെ കമ്മീഷൻ സിറ്റിംഗിൽ വിളിച്ചു വരുത്തിയിരുന്നു. ഗസ്റ്റ് അധ്യാപികയുടെ നിയമനത്തിനുള്ള അപേക്ഷയോടൊപ്പം പത്ര പരസ്യത്തിന്റെ പകർപ്പ് ഹാജരാക്കിയിട്ടില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയുള്ള നിയമനമായതിനാലാണ് നിയമനത്തിന് അംഗീകാരം നൽകാത്തതെന്നും പറയുന്നു. എന്നാൽ നിഷേധാത്മക നിലപാടാണ് സ്കൂൾ മാനേജർ കമ്മീഷന് മുന്നിൽ സ്വീകരിച്ചത്. സ്കൂൾ മാനേജർ നിയമാനുസരണം നടപടി സ്വീകരിക്കാത്തതു കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
കേവലം സാങ്കേതിക പ്രശ്നം മാത്രമാണ് വേതനം നൽകാത്തതിന് പിന്നിലുള്ളതെന്ന് കമ്മീഷൻ കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പും സ്കൂൾ മാനേജരും പരസ്പരം പഴി ചാരുകയാണെന്ന് കമ്മീഷൻ അറിയിച്ചു. സാങ്കേതികത്വം പറഞ്ഞ് ജോലിചെയ്ത കാലത്തെ ശമ്പളം നിഷേധിക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് ഉത്തരവ് നൽകിയത്. ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തുവന്ന എം.എസ് ശ്രീലക്ഷ്മി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.