ഗുജറാത്തിലെ ഡാഷ് ബോർഡ് സിസ്റ്റം കേരളം പഠിക്കുന്നത് പ്രധാനമന്ത്രിയുടെ ഉപദേശ പ്രകാരം; ചീഫ് സെക്രട്ടറിയുടെ കത്ത് മീഡിയവണിന്
|ചീഫ് സെക്രട്ടറി വി പി ജോയ് ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
ഗുജറാത്തിലെ ഡാഷ് ബോർഡ് സിസ്റ്റം കേരളം പഠിക്കുന്നത് പ്രധാനമന്ത്രിയുടെ ഉപദേശ പ്രകാരം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഗുജറാത്തിലെ ഡാഷ് ബോർഡ് സിസ്റ്റം മികച്ചതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം . ചീഫ് സെക്രട്ടറി വി പി ജോയ് ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാനായി ചീഫ് സെക്രട്ടറി വി പി ജോയിയേയും സ്റ്റാഫ് ഓഫീസര്‍ ഉമേഷ് ഐഎസിനേയും നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇരുവര്‍ക്കും മൂന്ന് ദിവസത്തേക്ക് ഗുജറാത്തില്‍ പോകാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്.
2019 ല്‍ വിജയ് രൂപാണി സര്‍ക്കാര്‍ കൊണ്ടു വന്നതാണ് ഗുജറാത്ത് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ് ബോര്‍ഡ് സിസ്റ്റം. സുസ്ഥിര വികസനത്തിനും നല്ല ഭരണത്തിനും ആവശ്യമായ കമാന്‍ഡ്,കണ്ട്രോള്,കംപ്യൂട്ടര്‍,കമ്മ്യൂണിക്കേഷന്‍,കോംബാറ്റ് എന്നി 5c കള്‍ വഴി സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനത്തിന്റെ ട്രാക്ക് സൂക്ഷിക്കുന്ന രീതിയാണിത്.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വീഡിയോ സ്ക്രീനുകളടക്കം സ്ഥാപിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് നടപ്പിലാക്കിയതിലൂടെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് ഗുജറാത്തിന്റെ അവകാശവാദം .