ഗള്‍ഫ് വിമാനനിരക്ക് വര്‍ധിച്ചു; ചാര്‍ട്ടേഡ് വിമാന സര്‍വീസിന് അനുമതി തേടി സംസ്ഥാനം
|ഏപ്രില്‍ രണ്ടാംവാരം സര്‍ക്കാര്‍ ബുക്ക് ചെയ്യുന്ന വിമാനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: ഗള്‍ഫിലേക്കുള്ള വിമാനനിരക്ക് വര്‍ധിച്ചതോടെ ചാര്‍ട്ടേഡ് വിമാന സർവീസിന് അനുമതി തേടി സംസ്ഥാന സർക്കാർ . ഏപ്രില്‍ രണ്ടാംവാരം സര്‍ക്കാര്‍ ബുക്ക് ചെയ്യുന്ന വിമാനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
ഗള്‍ഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള വിമാനനിരക്ക് കഴിഞ്ഞ 2 മാസത്തിനിടെ മൂന്ന് ഇരട്ടി വർധിച്ചിരുന്നു. ഉത്സവ സീസണുകളിലും സ്ക്കുള്‍ അവധിക്കാലത്തും വിമാനനിരക്ക് ഉയരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന് കണ്ടാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ ആളുകള്‍ക്ക് കുറഞ്ഞ യാത്രനിരക്കിൽ നാട്ടിലെത്താൻ ചാർട്ടേഡ് വിമാന സർവീസ് നടത്താൻ കേരള സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. കേരള സർക്കാർ ബുക്ക് ചെയ്യുന്ന ചാർട്ടേഡ് വിമാനങ്ങളുടെ ഓപ്പറേഷനുകള്‍ക്ക് ആവശ്യമായ അനുമതി വേഗത്തിൽ നൽകണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടത്. തിരക്കുള്ള സമയങ്ങളിൽ വിമാനക്കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.