Kerala
കൊച്ചിയിലെ സുരക്ഷാ ഏജൻസിയിൽ നിന്നു പിടികൂടിയ ‌19 തോക്കുകൾക്കും ലൈസൻസ് ഇല്ല; കേസെടുത്തു
Kerala

കൊച്ചിയിലെ സുരക്ഷാ ഏജൻസിയിൽ നിന്നു പിടികൂടിയ ‌19 തോക്കുകൾക്കും ലൈസൻസ് ഇല്ല; കേസെടുത്തു

Web Desk
|
7 Sep 2021 8:06 AM GMT

എടിഎമ്മുകൾക്കടക്കം സുരക്ഷയൊരുക്കുന്ന മുംബൈ ആസ്ഥാനമായ സ്വകാര്യ സുരക്ഷാ സ്ഥാപനത്തിന്‍റെ തോക്കുകളാണ് പിടികൂടിയത്

കൊച്ചിയിൽ ഇന്നലെ സ്വകാര്യ സുരക്ഷാ ഏജൻസിയിൽ നിന്നു പിടികൂടിയ ‌ 19 തോക്കുകൾക്കും ലൈസൻസ് ഇല്ലെന്നു പൊലീസ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എടിഎമ്മുകൾക്കടക്കം സുരക്ഷയൊരുക്കുന്ന മുംബൈ ആസ്ഥാനമായ സ്വകാര്യ സുരക്ഷാ സ്ഥാപനത്തിന്‍റെ തോക്കാണ് പിടികൂടിയത്. പെല്ലറ്റ് ഉപയോഗിക്കുന്ന തോക്കുകളാണ് പിടികൂടിയത്.

എടിഎമ്മുകൾ അടക്കമുള്ള സ്ഥലങ്ങളിൽ സുരക്ഷയൊരുക്കുന്ന മുംബൈ ആസ്ഥാനമായ സ്വകാര്യ സുരക്ഷാ സ്ഥാപനമാണ് എസ്എസ്‍വി. തോക്കുപയോഗിക്കാൻ അനുമതി ഇവര്‍ക്ക് ഉണ്ടെങ്കിലും ഇന്നലെ പൊലീസ് പിടിച്ചെടുത്ത 17 സിംഗിൾ ബാരൽ തോക്കുകൾക്കും 2 ഡബിൾ ബാരൽ തോക്കുകൾക്കും ലൈസൻസ് ഇല്ലെന്നു കണ്ടെത്തി. പെല്ലറ്റ് ഉപയോഗിക്കുന്ന തോക്കുകളാണ് ഇവ. തോക്കുകൾ എത്തിച്ചത് ജമ്മു കശ്മീരിലെ രജൗരിയിൽ നിന്നാണെന്നു കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം എഡിഎം രജൗരി എഡിഎമ്മുമായി ബന്ധപ്പെട്ടു. സംഭവത്തിൽ സ്ഥാപനത്തിനെതിരെ ആയുധ നിരോധന നിയമപ്രകാരം കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇന്നലെയാണ് സെക്യൂരിറ്റി സ്ഥാപനത്തിന്‍റെ തിരുവനന്തപുരം കൊച്ചി ഓഫീസുകളിൽ പോലീസ് റെയ്ഡ് നടത്തിയത്. എസ്എസ്‍വിയുടെ സൂപ്പർവൈസറെ കളമശ്ശേരി പൊലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയേക്കും.

Related Tags :
Similar Posts