ജി.വി.രാജ സ്പോർട്സ് എക്സലന്റ് സെന്റർ പദ്ധതി; റവന്യു വകുപ്പിന്റെ സ്റ്റോപ് മെമ്മോ പിൻവലിച്ചു
|മീഡിയവണ്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് സ്റ്റേ പിന്‍വലിച്ചത്.
തിരുവനന്തപുരം: ജി.വി.രാജ സ്പോർട്സ് എക്സലന്റ് സെന്റർ പദ്ധതിക്ക് റവന്യു വകുപ്പ് നൽകിയ സ്റ്റോപ് മെമ്മോ പിൻവലിച്ചു. നിര്‍മാണത്തിന് ഉദേശിച്ച ഭൂമി കായിക വകുപ്പിന്റേതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വില്ലേജ് ഓഫീസർ സ്റ്റേ നല്‍കിയത്. മീഡിയവണ്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് സ്റ്റേ പിന്‍വലിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമാണം നടത്താൻ ഉദേശിക്കുന്ന ഭൂമി കായിക വകുപ്പിന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി മേനംകുളം വില്ലേജ് ഓഫീസർ പദ്ധതിക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തത്. സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം തഹസിൽദാർ മേനംകുളം വില്ലേജ് ഓഫീസർക്ക് കത്ത് നൽകി.
കായിക വകുപ്പിന് ഭൂമി കൈമാറണമെന്ന് 2021ല്‍ ഉത്തരവ് ഉള്ളതിനാൽ സ്റ്റോപ്പ് മെമ്മോ പിൻവലിക്കണമെന്ന് തഹസിൽദാർ വിലേജ് ഓഫീസർക്ക് നിർദേശം നൽകി. നിലവിൽ ആസ്പിരിൻ പ്ലാന്റിന്റെ പേരില്‍ തന്നെയാണ് ഭൂമി.
തുടര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ കായിക വകുപ്പിന് നൽകാൻ പാടുള്ളൂ എന്ന് 2021ലെ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എങ്കിലും രാഷ്ട്രീയ സമ്മർദവും വാര്‍ത്തയായതും കാരണമാണ് സ്റ്റോപ്പ് മെമ്മോ പിൻവലിച്ചത്.