Kerala
പാവപ്പെട്ടവരെ സ്‌നേഹിച്ചും തലോടിയും സമാശ്വസിപ്പിക്കുന്ന വലിയ മനസ്സിന്റെ ഉടമയാണ് തങ്ങൾ: കെ സുധാകരൻ
Kerala

''പാവപ്പെട്ടവരെ സ്‌നേഹിച്ചും തലോടിയും സമാശ്വസിപ്പിക്കുന്ന വലിയ മനസ്സിന്റെ ഉടമയാണ് തങ്ങൾ'': കെ സുധാകരൻ

Web Desk
|
6 March 2022 12:56 PM GMT

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീടു സന്ദർശിക്കുമെന്നും കെ സുധാകരൻ

സാധാരണ ജനവിഭാഗത്തിന്റെ സാമൂഹിക സാമ്പത്തിക ചുറ്റുപാടിനെ വിലയിരുത്തികൊണ്ട് അവരെ സഹായിക്കുകയും സ്‌നേഹിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്ന വലിയ മനസ്സിന്റെ ഉടമയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തങ്ങളുടെ വിയോഗ വാർത്തയറിഞ്ഞതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ വിയോഗ വാർത്ത ഏറെ ദുഃഖത്തോടെയാണ് കേട്ടതെന്നും തങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു.

ഹൈദരലി തങ്ങളിൽ മതേതരത്തിന്റെ മുഖം തനിക്ക് ദർശിക്കാനായിട്ടുണ്ടെന്നും എല്ലാവരോടും സൗമ്യമായി സംസാരിക്കുന്ന വ്യക്തിയായിരുന്നു തങ്ങളെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം ഹൈദരലി തങ്ങളുടെ മരണത്തെ തുടർന്ന് പാർട്ടിയുടെ ഔദ്യോഗിക പരിപാടികളെല്ലാം താൽക്കാലികമായി മാറ്റിവെച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചു.

ഇപ്പോൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം പാണക്കാട്ടെ വീട്ടിലെത്തിയിട്ടുണ്ട്. ബന്ധുക്കൾക്ക് മാത്രമാണ് ഇവിടെ ദർശനത്തിന് അവസരം നൽകുക. അരമണിക്കൂറാണ് മൃതദേഹം വീട്ടിലുണ്ടാകുക. മലപ്പുറം ടൗൺഹാളിലാണ് പൊതുദർശനം നടക്കുക. അർബുദ ബാധിതനായി എറണാകുളത്ത് ചികിത്സയിലായിരിക്കേയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിന് ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവരുന്നത്. തങ്ങളുടെ ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് പള്ളി ഖബർസ്ഥാനിൽ നടക്കും. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.

Similar Posts