Kerala
A hair bundle weighing two kilos was surgically removed from the stomach of a 15-year-old girl at the Kozhikode Medical College Hospital.
Kerala

15കാരിയുടെ വയറ്റിൽ രണ്ട് കിലോ മുടിക്കെട്ട്; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത്‌ കോഴിക്കോട് മെഡി. കോളേജിലെ ഡോക്ടർമാർ

Web Desk
|
14 Feb 2024 5:45 AM GMT

പാലക്കാട് നിന്നുള്ള കുട്ടി മുടി കടിക്കാറുണ്ടെന്നാണ് അമ്മ പറയുന്നതെന്നും കുട്ടിയും അക്കാര്യം സമ്മതിച്ചിരുന്നുവെന്നും ഡോക്ടർ

കോഴിക്കോട്: 15കാരിയുടെ വയറ്റിൽനിന്ന് രണ്ട് കിലോ തൂക്കം വരുന്ന മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ അപൂർവമായൊരു ശസ്ത്രക്രിയയിലൂടെയാണ് മുടി പുറത്തെടുത്തത്. 30 സെൻറി മീറ്റർ നീളമാണ് മുടിക്കെട്ടിനുള്ളത്.

പത്താം ക്ലാസ് വിദ്യാർഥിനിയായ പാലക്കാട് സ്വദേശിനിയാണ് അപൂർവ ശസ്ത്രക്രിയക്ക് വിധേയയായത്. വയറിൽ വലിയ മുഴയുമായാണ് അവർ ചികിത്സക്കെത്തിയതെന്ന് സർജറി വിഭാഗത്തിലെ ഡോ. ഷാജഹാൻ പറഞ്ഞു. തുടർന്ന് പരിശോധന നടത്തിയപ്പോൾ വയറിൽ മുടിക്കെട്ട് രൂപം കൊണ്ടതാണെന്ന് മനസ്സിലാക്കിയെന്നും ഈ സമയത്ത് കുട്ടിക്ക് ക്ഷീണവും വിളർച്ചയുമുണ്ടായിരുന്നുവെന്നും പറഞ്ഞു. അമിതമായ സമ്മർദത്തിന് അടിമപ്പെട്ടോ മറ്റോ കുട്ടികളിൽ മുടി കടിച്ച് വയറിലെത്തുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. മാനസിക പ്രശ്‌നങ്ങളുള്ളവരിലും ഇത് കാണാറുണ്ട്. പാലക്കാട് നിന്നുള്ള കുട്ടി മുടി കടിക്കാറുണ്ടെന്നാണ് അമ്മ പറയുന്നതെന്നും കുട്ടിയും അക്കാര്യം സമ്മതിച്ചിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. കുട്ടിയുടെ നില ഇപ്പോൾ ആരോഗ്യകരമാണെന്നും അറിയിച്ചു.



Similar Posts