Kerala
Cargo service suspended at Calicut International Airport in wake of Nipah did not resume, cargo service at Karipur airport, Nipah
Kerala

കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്ര: കൂടുതൽ വിമാന കമ്പനികളെ ഉൾപ്പെടുത്തി റീ ടെണ്ടർ വിളിക്കണം - വെൽഫെയർ പാർട്ടി

Web Desk
|
2 Feb 2024 1:14 PM GMT

‘ഹജ്ജ് തീർഥാടകരുടെ ക്ഷേമത്തിനും സുഗമമായ നടത്തിപ്പിനും വേണ്ടി ഇടപെടാൻ കഴിയാത്ത ഹജ്ജ് കമ്മിറ്റികൾ പിരിച്ചുവിടണം’

മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാ​ത്രക്കായി കൂടുതൽ ഇന്ത്യൻ, സൗദി വിമാന കമ്പനികളെ ഉൾപ്പെടുത്തി റീ ടെണ്ടർ വിളിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഹജ്ജ് യാത്രികർക്കുള്ള നിരക്ക് വർധന പിൻവലിക്കുക, ഹജ്ജ് കമ്മിറ്റിയുടെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാലിക്കറ്റ് എയർപോർട്ട് പരിസരത്ത് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് പോകുന്നവരെ എയർ ഇന്ത്യ എക്സ്പ്രസ് ചൂഷണം ചെയ്യുകയാണ്. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടനെ പുനരാരംഭിക്കണം. വലിയ വിമാനങ്ങളുടെ സർവീസ് 2015 മുതലാണ് അന്യായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചത്. 2020ലെ വിമാനാപകടത്തെ മറയാക്കി കേരളത്തിലെ ചില സ്വകാര്യ വിമാനത്താവള വക്താക്കളുടെ ഇടപെടലിനെ തുടർന്ന് കോഴിക്കോട്ടെ വലിയ വിമാന സർവീസ് കേന്ദ്ര വ്യോമയാന മന്ത്രാലയം തടഞ്ഞുവെച്ച സമീപനം നീതീകരിക്കാനാകാത്തതാണ്.

കേന്ദ്ര - സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ കേവലം ആലങ്കാരിക സംവിധാനമായി മാറി. ഹജ്ജ് തീർഥാടകരുടെ ക്ഷേമത്തിനും സുഗമമായ നടത്തിപ്പിനും വേണ്ടി ഇടപെടാൻ കഴിയാത്ത സർക്കാറിന്റെ ഭാഗമായ ഹജ്ജ് കമ്മിറ്റികൾ പിരിച്ചുവിടണമെന്നും നാസർ കീഴുപറമ്പ് പറഞ്ഞു.

ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ കുനിയിൽ, ജംഷീൽ അബൂബക്കർ, ബന്ന മുതുവല്ലൂർ, റഷീദ് എൻ.കെ, ത്വാഹിറ ഹമീദ്, നാജിയ പി.പി, സൈതലവി ടി തുടങ്ങിയവർ സംസാരിച്ചു.

Similar Posts