ഹജ്ജ് വിമാന യാത്രക്ക് അമിത നിരക്ക്: 70 വയസ്സിന് മുകളിലുള്ള തീർഥാടകർ ആശങ്കയിൽ
|യാത്ര കരിപ്പൂരിൽ നിന്നായത് കൊണ്ട് മാത്രം ഒന്നര ലക്ഷം രൂപയിലധികം വിമാന ടിക്കറ്റിനായി നൽകണം
മലപ്പുറം: വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ കരിപ്പൂരിൽനിന്നും ഹജ്ജിന് പോകേണ്ട തീർഥാടകർ ആശങ്കയിലാണ്. 70 വയസ്സിന് മുകളിൽ പ്രായമുള്ള തീർഥാടകരാണ് വലിയ പ്രതിസന്ധി അനുഭവിക്കുക. തീർഥാടകനും സഹായിയായി ഹജ്ജിന് പോകുന്നവർക്കുമായി ഒന്നരലക്ഷം രൂപയിലധികം അധികമായി നൽകണം.
പ്രൈമറി സ്കൂൾ അധ്യാപകരായിരുന്ന വി. ഉമ്മർ, ഭാര്യ സുറയ്യ എന്നിവർ ജോലിയുള്ള കാലത്ത് തന്നെ ഓരോ മാസവും ഹജ്ജിനായി ചെറിയ തുക നീക്കിവെച്ചിരുന്നു. 2016 മുതൽ ഇവർ ഹജ്ജിനായി അപേക്ഷ നൽകുന്നുണ്ട്. ഉമ്മറിന് 70 വയസ്സ് പൂർത്തിയായതിനാൽ ഇത്തവണ നറുക്കെടുപ്പില്ലാതെ ഹജ്ജിന് പോകാം. സഹായായി സുറയ്യ ടീച്ചർക്കും ഹജ്ജ് ചെയ്യാം.
പുണ്യഭൂമിയിലെത്താൻ കാത്തിരിക്കുന്നതിനിടെയാണ് വിമാനടിക്കറ്റ് സംബന്ധിച്ച വാർത്ത അറിയുന്നത്. യാത്ര കരിപ്പൂരിൽ നിന്നായത് കൊണ്ട് മാത്രം ഒന്നര ലക്ഷം രൂപയിലധികം വിമാനടിക്കറ്റിനായി നൽകണം.
വിവമറിഞ്ഞതോടെ വിഷമിക്കുന്ന ധാരാളം പേരുണ്ടെന്ന് ഉമ്മർ പറഞ്ഞു. പലരും യാത്ര ഒഴിവാക്കുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
70 വയസ്സ് പൂർത്തിയായ തീർഥാടകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് അടിച്ചേൽപ്പിക്കുന്നത്. ഒറ്റക്ക് പോകുന്ന യാത്രകാർക്കും ഇതേ അവസ്ഥ തന്നെ. കടം വാങ്ങിയും മറ്റും ഹജ്ജിന് പോകാൻ പാടില്ലെന്നിരിക്കെ സമ്പാദിച്ചുവെച്ച പണം തികയാതെ വരുന്ന തീർഥാടകർ വലിയ മാനസിക പ്രയാസമാണ് അനുഭവിക്കുക.
നെടുമ്പാശ്ശേരി , കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടി ടിക്കറ്റ് നിരക്കാണ് കരിപ്പൂരിൽ നിന്നും ഹജ്ജിന് പോകുന്നവർ നൽകേണ്ടിവരിക. ഈ വർഷത്തെ ഹജ്ജിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വിമാന സർവീസിനായി ടെണ്ടർ ക്ഷണിച്ചിരുന്നു. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ നിയന്ത്രണമുള്ളതിനാൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കരിപ്പൂരിൽ നിന്നും സർവീസ് നടത്താൻ തയ്യാറായത്.
നെടുമ്പാശ്ശേരിയും കണ്ണൂരും സൗദി എയർ ലൈൻസാണ് സർവീസ് നടത്തുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നതിൽ പകുതിയിലധികം പേരും കരിപ്പൂരാണ് എംപാർക്കേഷൻ പോയന്റായി നൽകിയിരിക്കുന്നത്. അതിനാൽ വലിയൊരു വിഭാഗം വിശ്വാസികൾക്ക് വിമാനടിക്കറ്റ് ഇനത്തിൽ മറ്റ് വിമാനത്താവളത്തിൽനിന്നും പോകുന്നതിനെക്കാൾ 75,000 രൂപ അധികം നൽകേണ്ടി വരും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഹജ്ജിന് പോയി വരാൻ സൗദി എയർലൈൻസ് 86,000 രൂപയും കണ്ണൂരിൽ നിന്നും 89,000 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ കോഴിക്കോട് നിന്നും എയർ ഇന്ത്യ 16,5000 രൂപയാണ് ഈടാക്കുക. ഹാജിമാർക്ക് 53 കിലോ ലഗേജ് കൊണ്ടുപോകാൻ സൗദി എയർലൈൻസ് അനുമതി നൽകുന്നു. എയർ ഇന്ത്യയിൽ 37 കിലോക്ക് മാത്രമാണ് അനുമതി. പ്രശ്നത്തിൽ കേന്ദ്ര ഹജ്ജ് കമ്മറ്റി ഇടപെടുമെന്നാണ് തീർഥാടകരുടെ പ്രതീക്ഷ.
Summary : Pilgrims who have to go for Hajj from Karipur are worried after the steep increase in air ticket പ്രസ്സ്