![Dr. Abdul Hakeem Azhari pointed out that there is not enough Muslim representation in Kerala in the Lok Sabha elections. Dr. Abdul Hakeem Azhari pointed out that there is not enough Muslim representation in Kerala in the Lok Sabha elections.](https://www.mediaoneonline.com/h-upload/2023/05/25/1371533-hakeem-azhari.webp)
വിദ്യാർഥികളുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നിൽക്കരുത്; പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണം: ഹക്കീം അസ്ഹരി
![](/images/authorplaceholder.jpg?type=1&v=2)
ക്ഷേമ പെൻഷൻ കൃത്യമായി നൽകാൻ വേണ്ടി സെസ് ഏർപ്പെടുത്തിയ ഒരു സംസ്ഥാനത്ത് ബാച്ചുകൾ വർധിപ്പിക്കുമ്പോൾ മാത്രമുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി. ക്ഷേമ പെൻഷൻ കൃത്യമായി നൽകാൻ വേണ്ടി സെസ് ഏർപ്പെടുത്തിയ ഒരു സംസ്ഥാനത്ത് ബാച്ചുകൾ വർധിപ്പിക്കുമ്പോൾ മാത്രമുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം എന്താണെന്ന് അദ്ദേഹം ചോദിച്ചു. സർക്കാറിന് ഒരു ബാധ്യതയും ഇല്ലാത്ത അൺ എയ്ഡഡ് സ്‌കൂളുകൾക്ക് പോലും പുതിയ ബാച്ച് ലഭിക്കാൻ രണ്ട് വർഷത്തിലേറെ ഉത്തരമില്ലാതെ കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബാച്ചുകൾ അനുവദിക്കാതെ കേവലം സീറ്റുകൾ വർധിപ്പിക്കുമ്പോൾ, മുമ്പത്തെ കണക്കുപ്രകാരം സീറ്റുകൾ ലഭിക്കുമായിരുന്ന വിദ്യാർത്ഥികൾക്ക് പോലും മൂല്യമുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്. ഡാറ്റകളുമായി വരുന്ന വിദ്യാർത്ഥി സംഘങ്ങളെ ഇനിയുള്ള ദിവസങ്ങളിൽ തെരുവിൽ ഇറക്കാതിരിക്കാനുള്ള ജാഗ്രതയെങ്കിലും സർക്കാർ കാണിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
2014ൽ ലബ്ബ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 1:40 എന്ന രീതിയിൽ അധ്യാപക:വിദ്യാർത്ഥി അനുപാതം പുനഃക്രമീകരിക്കേണ്ടതുണ്ട്. 50 കുട്ടികളിൽ കൂടുമ്പോൾ പുതിയ ബാച്ച് അനുവദിക്കണമെന്നും റിപ്പോർട്ടിൽ കമ്മീഷൻ പറഞ്ഞത് അദ്ദേഹം ഓർമപ്പെടുത്തി. ഹയർ സെക്കൻഡറി സീറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് ഇനിയും കണക്കുകൾ നിരത്തിയ നിവേദനങ്ങൾ സ്വീകരിക്കേണ്ടി വരുന്നത് സർക്കാറിന്റെ അജ്ഞതയേയോ വിഷയത്തെ എങ്ങനെ പരിഹരിക്കണം എന്ന തിരിച്ചറിവില്ലായ്മയേയോ, അതുമല്ലെങ്കിൽ വിദ്യാർഥികളുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനിൽക്കാമെന്ന ദുഷ്‌കരമായ സമീപനത്തെയോ ആണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.