അക്രമകാരിയല്ല, ഭക്ഷണം കഴിക്കുന്നു; ചാടിപ്പോയ ഹനുമാൻ കുരങ്ങ് സുരക്ഷിതയെന്ന് മൃഗശാല ഡയറക്ടർ
|കുരങ്ങ് അക്രമകാരിയല്ലാത്തതിനാൽ മയക്കുവെടി പോലെയുള്ള കടുത്ത നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും മൃഗശാല ഡയറക്ടർ പറഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങ് സുരക്ഷിതയാണെന്ന് മൃഗശാല ഡയറക്ടർ അബു ശിവദാസ്. ആഞ്ഞിലി മരത്തിൽ ഉള്ള കുരങ്ങ് തളിരിലകൾ കഴിക്കുന്നുണ്ട്. കുരങ്ങിനെ ശല്യം ചെയ്ത് പിടികൂടാൻ ശ്രമിക്കുന്നില്ലെന്നും മൃഗശാല ഡയറക്ടർ വ്യക്തമാക്കി.
കുരങ്ങ് അക്രമകാരിയല്ലാത്തതിനാൽ മയക്കുവെടി പോലെയുള്ള കടുത്ത നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും മൃഗശാല ഡയറക്ടർ പറഞ്ഞു. ഇണ അടുത്തുള്ളത് കൊണ്ട് തുറന്ന കൂട്ടിലേക്ക് വരുമെന്നും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച വെകിട്ട് മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ കുരങ്ങ് ചാടിപ്പോയത്. പെണ് കുരങ്ങിനെയാണ് കാണാതായിരുന്നത്. ജൂണ്‍ അഞ്ചിന് തിരുപ്പതിയില്‍ നിന്ന് കൊണ്ടുവന്ന ഹനുമാന് കുരങ്ങ് ജോഡിയിലെ പെണ്‍കുരങ്ങാണ് ചാടിപ്പോയത്. പുലര്‍ച്ചെ നന്തന്‍കോട് ഭാഗത്തെ തെങ്ങിന് മുകളില്‍ കണ്ട കുരങ്ങ്, അതിനുശേഷം മൃഗശാലയിലേക്ക് തന്നെ എത്തിയെന്നാണ് മൃഗശാലാ അധികൃതര്‍ പറയുന്നത്.
മൃഗശാലയ്ക്കുള്ളിലെ മുളങ്കാട്ടില്‍ കുരങ്ങിനെ കണ്ടെങ്കിലും പിടികൂടാനായിട്ടില്ല. വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് കാണാനാകുന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെയാണ് ഹനുമാന് കുരങ്ങ് ചാടിപ്പോയത്. സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് രണ്ടുതവണ ഹനുമാന് കുരങ്ങുകള്‍ മൃഗശാലയില്‍ നിന്ന് ചാടിപ്പോയിരുന്നു. മൃഗശാലയ്ക്ക് പുറത്തേക്ക് വളര്‍ന്നു നില്ക്കുന്ന മരച്ചില്ലകള്‍ കൃത്യസമയത്ത് വെട്ടിമാറ്റാത്തതാണ് കുരങ്ങുകള്‍ രക്ഷപ്പെടാന്‍ കാരണമായി പറയുന്നത്.