'ലീഗിനെ കുറിച്ച് സിപിഎം നല്ലത് പറഞ്ഞതിൽ സന്തോഷം'; സമസ്ത
|സമസ്ത രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും ഉമർ ഫൈസി പറഞ്ഞു
മലപ്പുറം: ലീഗിനെ കുറിച്ച് സിപിഎം നല്ലത് പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് സമസ്ത സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കം. ഫാഷിസത്തിനെതിരെ എല്ലാവരും യോജിച്ച് പോകണമെന്നാണ് സമസ്തയുടെ അഭിപ്രായം. സമസ്ത രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും ഉമർ ഫൈസി പറഞ്ഞു.
ഒരു സമുദായ പാർട്ടി എന്ന നിലയ്ക്ക് സിപിഎമ്മിന്റെ പരാമർശത്തോട് എതിർപ്പില്ല. അതിനോട് അഭിപ്രായം പറയാനില്ല. രാഷ്ട്രീയം കൈകാര്യം ചെയ്യാനില്ലെന്നും ഉമർ ഫൈസി ആവർത്തിച്ചു. കേന്ദ്രം ഫാഷിസത്തിലേക്ക് പിടിമുറുക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും യോജിച്ച് പോകണമെന്ന് സമസ്ത നേരത്തെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് വർഗീയ പാർട്ടി ആണെന്ന നിലപാട് സി.പി.ഐക്കില്ലെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞിരുന്നു.'മുസ്ലിം ലീഗ് വർഗീയ പാർട്ടി ആണെന്ന നിലപാട് സിപിഐക്കില്ല. മുസ്ലിം ലീഗ് എസ്.ഡി.പി.ഐ, പി.എഫ്.ഐ പോലെ വർഗീയ പാർട്ടിയല്ല. ലീഗിനെ വർഗീയ പാർട്ടിയായി അകറ്റി നിർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്ന ചർച്ചകൾ അപക്വമാണ്. ലീഗ് അവരുടെ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലിം ലീഗിന്റെ ചില നിലപാടുകൾ മതനിരപേക്ഷതയ്ക്ക് അനുകൂലമാണെന്നും ഇടതുമുന്നണി ആരുടെ മുന്നിലും വാതിലടച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞദിവസം പറഞ്ഞതിന് പിന്നാലെയായിരുന്നു ബിനോയ് വിശ്വം രംഗത്തെത്തിയത്. ഏകസിവിൽ കോഡ്,വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ ലീഗ് കോൺഗ്രസിനെ തിരുത്തിയിട്ടുണ്ട്. ലീഗിനെ കുറിച്ച് പറഞ്ഞത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിനെ യു.ഡി.എഫിൽ നിന്നും അടർത്തിയെടുക്കാൻ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനെതിരെ വിമർശനങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിനെ യു.എഡി.എഫിൽ നിന്ന് അടർത്താനുള്ള ശ്രമം നടക്കില്ലെന്ന് വിഡി സതീശൻ തുറന്നടിച്ചു. അതേസമയം, മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന എം.വി ഗോവിന്ദന്റെ പരാമർശം എല്.ഡി.എഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നായിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ലീഗ് വർഗീയ പാർട്ടിയല്ലെന്നത് ഗോവിന്ദന്റെ മാത്രം അഭിപ്രായമല്ല . ലീഗ് യു.ഡി.എഫിന്റെ അഭിവാജ്യ ഘടകമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.