Kerala
വിദ്യാർത്ഥികൾ മാനവിക മൂല്യങ്ങളുടെ പ്രചാരകരാവണം; ഹറം ഇമാം
Kerala

'വിദ്യാർത്ഥികൾ മാനവിക മൂല്യങ്ങളുടെ പ്രചാരകരാവണം'; ഹറം ഇമാം

Web Desk
|
13 Nov 2024 5:36 PM GMT

ജീർണത പെരുകുന്ന കാലത്ത് മതം നൽകുന്നത് സുരക്ഷിതത്വവും നിർഭയത്വവും ആണെന്ന് ഹറം ഇമാം

എടവണ്ണ : പുതിയ സാങ്കേതിക വിദ്യകൾ നേടിയെടുക്കുന്നതോടൊപ്പം മാനവിക മൂല്യങ്ങളുടെ പ്രചാരകരാകുവാൻ വിദ്യാർഥികൾ മുന്നോട്ടു വരണമെന്ന് മദീന ഹറം ഇമാം ഡോ:അബ്ദുല്ല അബ്ദുറഹ്മാൻ അൽബു അയ്ജാൻ. സമാധാന സന്ദേശവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെക്ക് ഹറം ഇമാമുമാരെ സൗദി അറേബ്യ അയക്കുന്നതിന്റെ ഭാഗമായി എടവണ്ണ ജാമിഅ നദ്‌വിയ്യ കാമ്പസിൽ എത്തിയതായിരുന്നു അദ്ദേഹം കെ.എൻ.എം സംസ്ഥാന സമിതിയുടെ കീഴിലുള്ള ജാമിഅ നദ്‌വിയ്യ കാമ്പസിലെ വിദ്യാർഥികളുമായി അദ്ദേഹം സംവദിച്ചു. പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാനുളള വിജ്ഞാനവും വിവേകവും നേടിയെടുക്കണം .സംഘർഷങ്ങളും യുദ്ധങ്ങളും ലോകത്തിൻറെ സ്വസ്ഥത കെടുത്തുന്ന കാലത്ത് സമാധാന ദൂതുമായി വിദ്യാർത്ഥി സമൂഹം മുന്നോട്ടു പോവണം.മതത്തെ പ്രമാണങ്ങളിൽ നിന്ന് പഠിക്കുന്നവർക്ക് വിഭാഗീയതക്ക് കൂട്ടുനിൽക്കാൻ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജീർണ്ണതകൾ പെരുകിവരുന്ന കാലഘട്ടത്തിൽ മതം നൽകുന്നത് സുരക്ഷിതത്വവും നിർഭയത്വം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കുവാനാണ് വിശുദ്ധ ഖുർആൻ വിശ്വാസികളെ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.

കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി അധ്യക്ഷത വഹിച്ചു. പി.വി അബ്ദുൽ വഹാബ് എംപി, കെ.എൻ എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ: ഹുസൈൻ മടവൂർ,

ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി,നൂർ മുഹമ്മദ് നൂർഷ, ആദിൽ അത്വീഫ് സ്വലാഹി ,എം ടി അബ്ദുസ്സമദ് സുല്ലമി ,അബ്ദുറഹിമാൻ മദീനി ,ഐഎസ്എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി എന്നിവർ പ്രസംഗിച്ചു. ജാമിഅ നദ്‌വിയ്യ ക്യാമ്പസ് മസ്ജിദിൽ നടന്ന അസർ നമസ്‌കാരത്തിന് ഹറം ഇമാം നേതൃത്വം നൽകി.

Similar Posts