Kerala
Harassment case accused to receive minister who came to Kusat; Commissioned by the Vice Chancellor, latest news malayalam കുസാറ്റിലെത്തിയ മന്ത്രിയെ സ്വീകരിക്കാൻ പീഡനക്കേസ് പ്രതി; ചുമതലപ്പെടുത്തിയത് വൈസ് ചാൻസലർ
Kerala

കുസാറ്റിലെത്തിയ മന്ത്രിയെ സ്വീകരിക്കാൻ പീഡനക്കേസ് പ്രതി; ചുമതലപ്പെടുത്തിയത് വൈസ് ചാൻസലർ

Web Desk
|
30 Aug 2024 11:19 AM GMT

കലോത്സവത്തിനിടെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ പി.കെ ബേബിയാണ് മന്ത്രിയെ സ്വീകരിച്ചത്

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) മന്ത്രി ആർ. ബിന്ദുവിനെ സ്വീകരിക്കാൻ പീഡനക്കേസ് പ്രതി. സിൻഡിക്കേറ്റംഗവും സ്റ്റുഡൻറ്സ് വെൽഫെയർ ഡയറക്ടറുമായ പി.കെ ബേബിയെ കാമ്പസിലെത്തിയ മന്ത്രിയെ സ്വീകരിക്കാൻ വി.സി ചുമതലപ്പെടുത്തുകയായിരുന്നു. ബേബിക്കെതിരായ വിദ്യാർഥിനിയുടെ പരാതിയിൽ ഐ.സി.സി (ഇൻറേണൽ കംപ്ലയൻറ്സ് കമ്മിറ്റി) റിപ്പോർട്ട് വൈകുന്നതിനെതിരെ എസ്.എഫ്.ഐ സമരത്തിലാണ്.

കുസാറ്റിലെ കലോത്സവത്തിനിടെ പി.കെ ബേബി ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാർഥിനിയുടെ പരാതിയിലെടുത്ത കേസ് കളമശ്ശേരി പൊലീസാണ് അന്വേഷിക്കുന്നത്. കുസാറ്റിലെ ഇൻറേണൽ കംപ്ലയൻറ്സ് കമ്മിറ്റിയുടെ റിപ്പോർട്ട് രണ്ട് മാസം കഴിഞ്ഞിട്ടും സമർപ്പിച്ചിട്ടില്ല. റിപ്പോർട്ട് പിടിച്ചുവെച്ച് ബേബിയെ വിസി സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ സമരം ആരംഭിച്ചത്. അതിനിടെയാണ് കാമ്പസിലെത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിനെ സ്വീകരിക്കാൻ ആരോപണ വിധേയനായ പി.കെ ബേബിയെ വി.സി ചുമതലപ്പെടുത്തിയത്.

അഡ്മിനിസ്ട്രേറ്റീവ് ബ്ലോകിനു മുന്നിൽ മന്ത്രിയെ സ്വീകരിച്ച ബേബി സമ്മേളന ഹാൾ വരെ അനുഗമിച്ചു. വിദ്യാർഥികളുടെ പ്രതിഷേധം നിലനിൽക്കെ ലൈംഗികാതിക്രമ കേസിലെ പ്രതിയെ മന്ത്രിയെ സ്വീകരിക്കാനയച്ച വിസിയുടെ നടപടിക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. നിയമന ക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് ബേബി.

ലൈംഗികാതിക്രമ പരാതി ഉയർന്നപ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ ബേബിയുടെ കാബിൻ അടിച്ചു തകർക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. പൊലീസ് കേസെടുത്തിട്ടും ഐ.സി.സി റിപ്പോർട്ട് അനിശ്ചിതമായി വെച്ച് നീട്ടുന്നത് വി.സിയിലും സർക്കാരിലും ബേബിക്കുളള സ്വാധീനമാണെന്ന ആരോപണം ശക്തമാണ്.

Similar Posts