യുവതിക്ക് 80 ലക്ഷം രൂപനൽകി; ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി ഒത്തുതീർപ്പാക്കി
|എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു
കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരായ ബിഹാർ സ്വദേശിയുടെ പീഡനപരാതി ഒത്തുതീർപ്പായി. ബോംബെ ഹൈക്കോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി.പണം നൽകിയ വിവരങ്ങൾ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. ഈ ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും പരാതിയുയർന്നിരുന്നു.കുട്ടിയുടെ ചെലവുകൾക്കായി ബിനീഷ് പണം നൽകണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം. പക്ഷേ ഇത് കള്ളക്കേസാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹരജി നൽകുകയും ചെയ്തു. തുടർന്ന് ബോംബെ ഹൈക്കോടതി ഡി.എൻ.എ പരിശോധയ്ക്ക് നിർദേശിച്ചു.
എന്നാൽ കോവിഡ് മഹാമാരിയും ലോക്ഡൗണുമായി കേസ് നീണ്ടുപോയി. അതിനിടെയാണ് ഡി.എൻ.എ പരിശോധന ഫലം പുറത്ത് വിടണമെന്നാവശ്യപ്പെട്ട് യുവതി വീണ്ടും കോടതിയിലെത്തിയത്. തുടർന്നാണ് കേസ് ഒത്തുതീർപ്പായത്. കുഞ്ഞിന്റെ പിതൃത്വത്തെ കുറിച്ച് ഒത്തുതീർപ്പ് കരാറിൽ പറയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
.