![Harassment of microfinance agents; 4 people took life in Palakkad Harassment of microfinance agents; 4 people took life in Palakkad](https://www.mediaoneonline.com/h-upload/2023/10/16/1393031-untitled-1.webp)
മൈക്രോഫിനാൻസ് ഏജന്റുമാരുടെ മാനസികപീഡനം; പാലക്കാട് ജീവനൊടുക്കിയത് 4 പേർ
![](/images/authorplaceholder.jpg?type=1&v=2)
ഭീഷണി സഹിക്കാതെയാണ് ചിറ്റൂരിലെ വൃദ്ധ ദമ്പതികളായ മാണിക്യനും ഭാര്യയും ജീവനൊടുക്കാൻ ശ്രമിച്ചത്
പാലക്കാട്: മൈക്രോ ഫിനാൻസ് ഏജന്റുമാരുടെ ഭീഷണി മൂലം പാലക്കാട് ചിറ്റൂരിൽ മാത്രം ജീവനൊടുക്കിയത് 4 പേർ. ഇതിൽ വൃദ്ധദമ്പതികളിൽ ഭർത്താവ് മരണത്തിന് കീഴടങ്ങിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ആത്മഹത്യക്ക് പ്രേരിപ്പിക്കും വിധമാണ് മൈക്രോ ഫിനാൻസ് ഏജന്റുകൾ വീടുകളിൽ എത്തി പെരുമാറുന്നത്. വായ്പ തിരിച്ചടക്കാൻ പറ്റുന്നില്ലെങ്കിൽ ജീവിച്ചിരിക്കുന്നതെന്തിനാണെന്ന് ചോദിക്കും .ഭീഷണി സഹിക്കാതെയാണ് ചിറ്റൂരിലെ വൃദ്ധ ദമ്പതികളായ മാണിക്യനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചത്. മാണിക്യൻ മരണത്തിന് കീഴടങ്ങി..
മൈക്രോ ഫിനാൻസുകൾ , ഗ്രൂപ്പ് അടിസ്ഥാനത്തിൽ നൽകിയ ചെറിയ വായ്പയാണ് മാണിക്യന്റെ ഭാര്യ എടുത്തത്. ഒരു വായ്‌പ അടച്ച് തീർക്കാൻ മറ്റൊരു വായ്പയെ ആശ്രയിച്ച് , ഈ കുടുംബവും മറ്റെല്ലാവരെയും പോലെ കെണിയിൽ കുരുങ്ങി. ആഴ്ചയിൽ 600 രൂപയും , മാസത്തിൽ 2000 രൂപയും അടവ് വരുന്ന വിത്യസ്ത വായ്പകളാണ് ഇവർക്കുള്ളത്.
ഒരു അപകടം സംഭവിച്ച് മാണിക്യന് 4 മാസം ജോലിക്ക് പോകാൻ സാധിച്ചില്ല. ഇതോടെ അടവ് മുടങ്ങി. ഇവർ 2000 രൂപ അടവ് നൽകാനുള്ള മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ഏജന്റ് വീട്ടിലെത്തി രൂക്ഷമായി ഭീഷണിപ്പെടുത്തി. തങ്ങളുടെ നിസ്സഹായാവസ്ഥ ഇരുവരും പല തവണ അറിയിച്ചിട്ടും ഏജന്റ് ദയ കാണിച്ചില്ല. കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ദമ്പതികൾ കണ്ടെത്തിയ വഴി ആത്മഹത്യയാണ്. എന്നാൽ ഭാര്യയെ തനിച്ചാക്കി മാണിക്യൻ മാത്രം യാത്രയായി .അവസാന നിമിഷത്തിലും പണം തിരിച്ചടയ്ക്കാൻ ഇവർ ജോലിക്ക് ശ്രമിച്ചിരുന്നു.
തങ്ങളുടെ കടക്കെണി ഇവർ മകനെ അറിയിച്ചിരുന്നില്ല. മകൻ ജോലിക്ക് പോകുന്ന സമയത്താണ് പ്രശ്നങ്ങൾ അത്രയും നടന്നത്. വിവരം അറിഞ്ഞപ്പോൾ വൈകി. ആത്മഹത്യ നടന്ന വീടുകളിൽ , പൊലീസ് എത്തി മൊഴി എടുത്തെങ്കിലും മറ്റ് നടപടികൾ ഉണ്ടായിട്ടില്ല.