ഹരിദാസ് കൊലക്കേസ്; കസ്റ്റഡിയിലെടുത്ത നിജിൽ ദാസിനെ വിട്ടയച്ചു
|പതിനൊന്നരക്ക് ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ എത്താൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്
കണ്ണൂർ പുന്നോൽ ഹരിദാസ് വധക്കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ആർ,എസ്.എസ് പ്രവർത്തകൻ നിജിൽ ദാസിനെ വിട്ടയച്ചു. ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പതിനൊന്നരക്ക് ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ എത്താൻ നിജിൽദാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതി ലിജേശിനെ ഫോണിൽ വിളിച്ചത് ബന്ധു എന്ന നിലയിലാണെന്ന് സിവിൽ പൊലീസ് ഓഫീസർ സുരേഷ് മെഴി നൽകിയിരുന്നു. ലിജേഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ കൊലപാതകത്തിന് തൊട്ട് മുൻപ് സുരേഷ് വിളിച്ചതായി കണ്ടെത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെയാണ് അന്വേഷണ സംഘം സുരേഷിന്റെ മൊഴി എടുത്തത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് കൊലയാളി സംഘത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ലിജേഷും ഹരിദാസനൊപ്പം മത്സ്യബന്ധനത്തിന് പോയ സുനേഷും തമ്മിൽ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. പിന്നാലെയാണ് പുന്നോൽ സ്വദേശി നിജിൽ ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായാണ് സൂചന. ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ കണ്ണൂരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു.
ഗൂഢാലോചന കുറ്റം ചുമത്തി 7 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നാല് പേരുടെ അറസ്റ്റായിരുന്നു രേഖപ്പെടുത്തിയത്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ്, വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായവർ.
തിങ്കളാഴ്ച പുലർച്ചെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റിട്ടുണ്ട്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമിക്കപ്പെട്ടത്.