കൊല്ലപ്പെട്ട ഹരിദാസിന്റെ വീടിന് സമീപത്ത് നിന്ന് വാളും ഇരുമ്പ് ദണ്ഡും കണ്ടെത്തി
|അക്രമികൾ ഉപയോഗിച്ചതാണെന്ന് പൊലീസ്
തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ വീടിന് സമീപത്ത് നിന്ന് വാളും ഇരുമ്പ് ദണ്ഡും കണ്ടെത്തി.അക്രമികൾ ഉപയോഗിച്ചതാണെന്ന് പൊലീസ് പറയുന്നത്. കൂടുതൽ പരിശോധനകൾ നടത്താനായി പൊലീസ് ഇങ്ങോട്ടേക്കെത്തും. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത രണ്ടുപേരടക്കം ഏഴുപേർ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലുണ്ട്. കസ്റ്റഡിയിലുള്ളവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.രാഷ്ട്രീയ കൊലപാതകം ആണോ അല്ലയോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല. പൊലീസ് ആറ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
ഹരിദാസിന്റെ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഹരിദാസിന്റെ മൃതദേഹവുമായി വിലാപ യാത്ര ആരംഭിച്ചു. വിവിധ ഇടങ്ങളിൽ പൊതുദർശനവും നടക്കും. വൈകിട്ട് ഹരിദാസിന്റെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.
ഇന്ന് പുലർച്ചെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയില് ചികിത്സയിൽ കഴിയുകയാണ് മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമിക്കപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. സ്ഥലത്ത് ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് സി.പി.എം-ആർ.എസ്.എസ് സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്ന് ബി.ജെ.പിയും വ്യക്തമാക്കി. ഏതന്വേഷണത്തെയും നേരിടുമെന്നും ബി.ജെ.പി ജില്ലാ നേതൃത്വം പറഞ്ഞു.