നിയമന കോഴക്കേസ്; ഹരിദാസനും ബാസിതും ഇന്ന് പൊലീസിന് മുന്നിൽ ഹാജരായേക്കും
|ഹരിദാസന്‍റെ മകന്‍റെ ഭാര്യക്ക് ജോലി ആവശ്യമുണ്ടെന്ന കാര്യം പ്രതികളിൽ ഒരാളായ ലെനിൻ രാജിനെ അറിയിച്ചതും ബാസിതാണ്
തിരുവനന്തപുരം: നിയമന കോഴക്കേസിൽ ഹരിദാസനും ബാസിതും ഇന്ന് പൊലീസിന് മുന്നിൽ ഹാജരായേക്കും. മൊഴിയിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ബാസിതിനെ വീണ്ടും ചോദ്യം ചെയ്യാൻ കന്‍റോണ്‍മെന്‍റ് പൊലീസ് വിളിപ്പിച്ചത്. ബാസിതിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് അഖിൽ സജീവ് കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയത്. ചോദ്യം ചെയ്യലിൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനുള്ള സാധ്യതയുമുണ്ട്..
ഹരിദാസന്‍റെ മകന്‍റെ ഭാര്യക്ക് ജോലി ആവശ്യമുണ്ടെന്ന കാര്യം പ്രതികളിൽ ഒരാളായ ലെനിൻ രാജിനെ അറിയിച്ചതും ബാസിതാണ്. ഹരിദാസൻ ഹാജരായാൽ ഹരിദാസനെയും ബാസിതിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ച് അഖിൽ സജീവിന് താൻ പണം നൽകിയെന്ന ഹരിദാസന്‍റെ വാദം പൊളിഞ്ഞതോടെയാണ് ഹരിദാസനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കന്‍റോണ്‍മെന്‍റ് പൊലീസ് തീരുമാനിച്ചത്.
ആരോഗ്യപരമായ കാരണങ്ങളാലാണ് ഇതുവരെ ഹാജരാകാൻ കഴിയാതിരുന്നതെന്നും താൻ ഒളിവിൽ പോയിട്ടില്ലെന്നും ഹരിദാസൻ തിരുവനന്തപുരം കന്‍റോൺമെന്റ് പൊലീസിനെ അറിയിച്ചിരുന്നു.