അഖിൽ മാത്യുവിന്റെ പേര് പറയാൻ ബാസിത് ഭീഷണിപ്പെടുത്തി;നിർണായക മൊഴിയുമായി ഹരിദാസൻ
|ആരോഗ്യമന്ത്രിയുടെ ഓഫീസിന് നൽകിയ നിയമനത്തട്ടിപ്പ് പരാതി എഴുതിയത് സുഹൃത്ത് കെ.പി ബാസിതെന്ന് ഹരിദാസൻ പൊലീസിന് മൊഴി നൽകി
തിരുവനന്തപുരം: നിയമനക്കോഴക്കേസിൽ നിർണായക മൊഴിയുമായി ഹരിദാസൻ. ആരോഗ്യമന്ത്രിയുടെ ഓഫീസിന് നൽകിയ നിയമനത്തട്ടിപ്പ് പരാതി എഴുതിയത് സുഹൃത്ത് കെ.പി ബാസിതെന്ന് ഹരിദാസൻ പൊലീസിന് മൊഴി നൽകി. അഖിൽ മാത്യുവിന്റെ പേര് പറഞ്ഞില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും ഹരിദാസൻ മൊഴി നൽകി. ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസ് സംഘം മഞ്ചേരിയിൽ വെച്ച് ബാസിതിനെ അറസ്റ്റ് ചെയ്തു.
നേരത്തെ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന്റെ പങ്ക് പൂർണമായി തള്ളിക്കൊണ്ട് ഹരിദാസന്റെ മൊഴി പുറത്തുവന്നിരുന്നു.ഇതോടെ കേസിൽ ആരോഗ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചു. കേസിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. ഗൂഢാലോചനയുടെ ആദ്യ ഘട്ടത്തിൽ ഹരിദാസന് പങ്കില്ലെന്നാണ് സൂചന. ഹരിദാസൻ മരുമകൾക്ക് തട്ടിപ്പുകാർ വഴി ജോലിക്ക് ശ്രമിച്ചു. ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെ ഗൂഢാലോചനയിൽ പങ്കാളിയായതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം അഖിൽ മാത്യുവിന്റെ പേര് താൻ പറഞ്ഞത് ബാസിത് പറഞ്ഞിട്ട് മാത്രമെന്ന ഹരിദാസന്റെ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. ഹരിദാസന് നേരിട്ട് പരിചയം കെ.എം ബാസിതിനെയും ലെനിൻ രാജിനെയുമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.