
കരിപ്പൂരിൽ നിന്ന് ഹജ്ജിന് ഉയർന്ന നിരക്ക്: സുപ്രിംകോടതിയിൽ ഹരജി നൽകി ഹാരിസ് ബീരാൻ എംപി

അധിക യാത്ര ചിലവ് പുനഃപരിശോധിക്കണമെന്നും മതപരമായ കടമ നിർവ്വഹിക്കാൻ കോടതി ഇടപെടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു
കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഹജ്ജിന് ഉയർന്ന നിരക്ക് ഈടാക്കുന്നതിനെതിരെ സുപ്രിംകോടതിയിൽ ഹരജി. രാജ്യസഭാ അംഗവും, അഭിഭാഷകനുമായ ഹാരിസ് ബീരാൻ മുഖേനയാണ് ഹരജി ഫയൽ ചെയ്തത്. അധിക യാത്ര ചിലവ് പുനഃപരിശോധിക്കണമെന്നും മതപരമായ കടമ നിർവ്വഹിക്കാൻ കോടതി ഇടപെടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവരിൽ നിന്ന് ഈടാക്കുന്ന അധിക ചാർജ് പിൻവലിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എംബാർക്കേഷൻ പോയിന്‍റ് മാറ്റി നൽകുക, അമിത തുക ഒഴിവാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മൂവായിരത്തോളം ഹാജിമാർ പരാതി നൽകി.
2025 ലെ ഹജ്ജ് നിര്‍വഹിക്കുന്നതിനായി കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്‍റായി തെരഞ്ഞെടുത്ത ഹാജിമാര്‍ക്ക്, കേരളത്തിലെ തന്നെ മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്‍റുകളായ കൊച്ചിയേക്കാളും കണ്ണൂരിനെക്കാളും 40000 രൂപയോളം അധിക തുകയാണ് നൽകേണ്ടി വരുന്നത്. ഇത് 6000 ഓളം ഹാജിമാരെയാണ് നേരിട്ട് ബാധിക്കുന്നത്. നിരക്ക് വർധനവിനെതിരെ കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്ലക്കുട്ടി , മുഖ്യമന്ത്രി പിണറായി വിജയന്‍ , ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവര്‍ക്ക് 3000ത്തോളം ഹാജിമാർ ഒപ്പിട്ട പരാതി നൽകിയിട്ടുണ്ട്.
കരിപ്പൂരിൽ നിന്ന് ഹജ്ജിനായി വലിയ വിമാനങ്ങളുടെ സർവീസ് അനുവദിക്കണമെന്ന ആവശ്യവും ഹാജിമാർ ഉയർത്തിയിരുന്നു.