'മദീനയിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനമില്ല; ഹാജിമാരുടെ ദുരിതയാത്രയില്‍ ഇടപെടണം'- കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി ഹാരിസ് ബീരാന്
|ഹജ്ജ് മടക്കയാത്രാ വിമാനങ്ങൾ മദീനയിൽനിന്ന് കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുമ്പോഴാണ് കോഴിക്കോടിനോടുള്ള വിവേചനം
ന്യൂഡൽഹി: ഹജ്ജ് കഴിഞ്ഞ് മടങ്ങിവരുന്ന ഹാജിമാരുടെ മടക്കയാത്രയ്ക്ക് കൂടുതൽ സൗകര്യമൊരുക്കണമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്കി. മദീനയിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനമില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രം നേരിട്ട് ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഹജ്ജ് മടക്കയാത്രാ വിമാനങ്ങൾ മദീനയിൽനിന്നു കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുമ്പോഴാണ് കോഴിക്കോടിനോടുള്ള വിവേചനം. നിലവിൽ സലാല അടക്കമുള്ള വിമാനത്താവളങ്ങളിൽ കുറച്ച് സമയം ലേ ഓവർ കഴിഞ്ഞാണ് കോഴിക്കോട്ടേക്ക് യാത്ര തുടരുന്നത്. അതുമൂലം യാത്രാസമയത്തിലും ടിക്കറ്റ് നിരക്കിലും വലിയ മാറ്റമാണുള്ളത്. ഹജ്ജ് കർമങ്ങൾ കഴിഞ്ഞുവരുന്ന തീർത്ഥാടകരിൽ കൂടുതൽ പേരും പ്രായാധിക്യമുള്ളവരും സ്ത്രീകളുമാണ്. കൂടുതൽ പരിഗണന നൽകേണ്ട ഒരു വിഭാഗത്തോട് ഇങ്ങനെ വിവേചനം കാണിക്കുന്നത് നീതിയല്ലെന്നും ഉടന്‍ പരിഹാരം കാണണമെന്നും എം.പി ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായി വിഷയത്തിന്റെ പ്രാധാന്യം ഫോണിൽ അറിയിച്ച ശേഷമാണ് ഔദ്യോഗികമായി നിവേദനമയച്ചത്.
Summary: Advocate Haris Beeran MP submits petition to Union Minister of State for Minorities George Kurian to provide more facilities for the return journey of pilgrims returning after Hajj.