Kerala
Mundakkai Landslide
Kerala

മുത്തങ്ങ റോഡ് രാത്രിയിലും തുറന്നുകൊടുക്കണം; വയനാട് ദുരന്തത്തിൽ കേന്ദ്രമന്ത്രി നദ്ദയെ കണ്ട് ഹാരിസ് ബീരാൻ എം.പി

Web Desk
|
30 July 2024 9:58 AM GMT

ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി സംസാരിച്ച് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി ജെ.പി നദ്ദ, ഹാരിസ് ബീരാന് ഉറപ്പുനല്‍കി

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലുകൾ വേണമെന്നാവശ്യപ്പെട്ട് അഡ്വ.ഹാരിസ് ബീരാന്‍ എം.പി.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയുമായി ഹാരിസ് ബീരാൻ കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തം രാജ്യസഭയില്‍ ചർച്ചചെയ്യാൻ ഹാരിസ് ബീരാൻ അടക്കമുള്ള എം.പിമാർ നോട്ടീസ് നൽകിയിരിന്നു.

തുടർന്ന് സംസാരിച്ച ജെ.പി നദ്ദ, അംഗങ്ങളോട് നിർദേശങ്ങൾ ആരാഞ്ഞിരുന്നു. നിർദേശങ്ങൾക്കായി മന്ത്രിയെ കണ്ട ഹാരിസ് ബീരാൻ, കനത്ത മഴയിൽ ഒറ്റപ്പെട്ട വയനാട്ടിലേക്കുള്ള ഗതാഗതം സൗകര്യം തകരാറിലായതിനെക്കുറിച്ച് ബോധ്യപ്പെടുത്തി.

മുത്തങ്ങ വഴി മൈസൂരിലേക്കുള്ള റോഡ് താത്കാലികമായെങ്കിലും മുഴുവൻ സമയവും തുറന്ന് കൊടുത്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ വനം പരിസ്ഥിതി വകുപ്പും ഗതാഗത വകുപ്പുമായി ആലോചിച്ച് ആരംഭിക്കണമെന്ന് ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു.

നിലവിൽ വളരെ പരിമിതമായ മെഡിക്കൽ സംവിധാനമാണ് വയനാട്ടിലുള്ളത്. അതിനാൽ മറ്റു സ്ഥലങ്ങളിലേക്ക് വയനാട്ടിൽ നിന്നും ദുരന്തത്തിൽപെടുന്നവരെ തടസ്സങ്ങളില്ലാതെ എത്തിക്കേണ്ടതുണ്ട്. ജില്ലയുടെ പലഭാഗങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണെന്നും എം.പി ചൂണ്ടിക്കാട്ടി. ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി സംസാരിച്ച് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി ജെ.പി നദ്ദ, ഹാരിസ് ബീരാൻ എം.പിക്ക്‌ ഉറപ്പു നൽകി.

Similar Posts