നേതൃത്വത്തെ വിമർശിച്ച എം.എസ്.എഫ് നേതാക്കളെ മുസ്ലിം ലീഗ് തിരിച്ചെടുക്കുന്നു
|ഖേദം പ്രകടിപ്പിച്ച് നേതൃത്വത്തിന് കത്തയച്ചതിനെ തുടർന്നാണ് നടപടി
കോഴിക്കോട്: 'ഹരിത' നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിൽ നേതൃത്വത്തെ വിമർശിച്ചതിന് പുറത്താക്കിയ എം.എസ്.എഫ് നേതാക്കളെ മുസ്ലിം ലീഗ് തിരിച്ചെടുക്കുന്നു. മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സെക്രട്ടറി ഫവാസ് എന്നിവരെയാണ് തിരിച്ചെടുക്കുന്നത്.
ഇരുവരും ഖേദം പ്രകടിപ്പിച്ച് നേതൃത്വത്തിന് കത്തയച്ചതിനെ തുടർന്നാണ് നടപടി. പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇരുവരും.
അച്ചടക്ക നടപടിക്ക് വിധേയമായി എം.എസ് എഫ് ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ട ഫാത്തിമ തഹ്‍ലിയ, നജ്മ തബ്ഷീറ, മുഫീദ തസ്നി എന്നിവരെ തിരിച്ചെടുത്ത് യൂത്ത് ലീഗ് ദേശീയ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാനും മുസ് ലിം ലീഗിൽ ചർച്ച നടക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. ഉമർ അറക്കൽ, പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫ് അംഗം ഉബൈദ് എന്നിവരാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് പിറകിലുള്ളത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ കോടതിയിലുള്ള കേസ് പിൻവലിക്കുക, വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുക, പാർട്ടിക്ക് മാപ്പ് എഴുതി നൽകുക എന്നിവയാണ് ഇവരെ തിരിച്ചെടുക്കാനായി മുന്നോട്ടുവെച്ച വ്യവസ്ഥകൾ.