പ്രതികരിച്ചത് ആത്മാഭിമാനത്തിന് പോറലേറ്റപ്പോള്‍, സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും: മുഫീദ തെസ്നി
|ഹരിതയെ പിരിച്ചുവിട്ട ലീഗ് തീരുമാനത്തിനെതിരെ ഹരിത മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നി
ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗ് തീരുമാനത്തിനെതിരെ പ്രതികരണവുമായി മുഫീദ തെസ്നി. ലീഗ് നേതൃത്വം ഇന്നലെ പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റി പ്രസിഡന്റാണ് മുഫീദ തെസ്നി. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും. രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീവിരുദ്ധ സമീപനം മാറണം. പ്രതികരിച്ചത് ആത്മാഭിമാനത്തിന് പോറലേറ്റപ്പോഴാണ്. തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അത് ചെയ്തില്ലെങ്കില്‍ കുറ്റബോധമുണ്ടാകും. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും മുഫീദ തെസ്നി വ്യക്തമാക്കി. മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തിലാണ് മുഫീദ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
"21ാം നൂറ്റാണ്ടിലും കേരളത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയില്‍ പുരുഷന്മാര് മുതലാളികളും സ്ത്രീകള്‍ തൊഴിലാളികളുമായി തുടരുന്നു. എത്ര കഴിവുള്ള സ്ത്രീയാണെങ്കിലും മികച്ച മാനേജർ എന്ന ലേബലിലേക്ക് മാത്രം രാഷ്ട്രീയത്തിലെ സ്ത്രീകൾ ഒതുങ്ങിപ്പോകുന്നത് ദൗർഭാഗ്യകരമാണ്. പാര്‍ട്ടികളുടെ പുനര്‍നിര്‍മാണത്തിനും രാഷ്ട്രീയ മുതലെടുപ്പിനുംവേണ്ടി അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരങ്ങളായാണ് സ്ത്രീകളെ എന്നും കണ്ടിട്ടുള്ളത്. അതിനപ്പുറം തീരുമാനമെടുക്കുന്ന കമ്മിറ്റികളിലോ നയതന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലോ അവൾക്ക് ഇടം നിഷേധിക്കപ്പെടുന്നു എന്നത് അംഗീകരിക്കാവുന്ന പ്രവണതയല്ല. സമൂഹമാധ്യമങ്ങളില്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയ ശരികള്‍ക്കപ്പുറം, സ്ത്രീവിരുദ്ധത ഉള്ളില്‍പ്പേറുന്ന രാഷ്ട്രീമാണ് കേരളത്തിലെ എല്ലാ മുഖ്യധാര സംഘടനകൾക്കും പാർട്ടികള്‍ക്കുമുള്ളത്.
ഹരിത പരാതി നൽകിയ വിഷയത്തിൽ എതിർ കക്ഷി പാർട്ടിയോ പാർട്ടി ഘടകങ്ങളോ അല്ല. ഭാരവാഹികളായ ചിലരാണ്. ലീഗ് പ്രത്യയശാസ്ത്രത്തിനെതിരെയോ നയങ്ങൾക്കെതിരെയോ അല്ല ഞങ്ങളുടെ പോരാട്ടം. സംഘടനാപരമായി അവകാശങ്ങൾ ലഭിക്കാഞ്ഞതുകൊണ്ടുമല്ല. ആത്മാഭിമാനത്തിനു പോറൽ ഏറ്റപ്പോൾ പ്രതികരിച്ചതാണ്. അതിൽ നീതി പ്രതീക്ഷിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് വരുന്ന തലമുറക്ക് മുന്നിൽ ഇത്തരമൊരു സന്ദേശം ഞങ്ങൾക്ക് പങ്കു വെക്കേണ്ടതുണ്ട്. തെറ്റിനെതിരെ വിരൽ ചൂണ്ടേണ്ട കാലത്ത് അതു ചെയ്തില്ലയെങ്കിൽ എന്നും കുറ്റബോധം പേറേണ്ടി വരും. ആത്മാഭിമാനം മുറുകെപ്പിടിച്ചുവേണം ഓരോ നിമിഷവും ജീവിക്കാൻ. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമീഷനിൽ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. ഞങ്ങൾ പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇനിയും വിശ്വസിക്കുന്നു. പച്ചപ്പ് പ്രതീക്ഷയുടേതാണ്. ആ പ്രതീക്ഷ മുറുകെപ്പിടിച്ചുതന്നെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരും. പതിറ്റാണ്ടുകൊണ്ട് ഹരിത ഞങ്ങളെ അതിനു പ്രാപ്തരാക്കിയിട്ടുണ്ട്"- മുഫീദ തെസ്നി വ്യക്തമാക്കി.
ലേഖനത്തിന്റെ പൂര്‍ണരൂപം
കാലഹരണപ്പെട്ടു പോകാത്ത രാഷ്ട്രീയ ബോധ്യങ്ങളുമായി ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പതാക വാഹകരായി 'ഹരിത' വിദ്യാർഥിനി പ്രസ്ഥാനം സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ട് പതിറ്റാണ്ട് തികയുകയാണ്. മുസ്ലിം ലീഗിന്റെ വിദ്യാർഥി രൂപമായ മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷന്റെ വനിതാ വിഭാഗമെന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ അഭിമാനകരമായ അസ്തിത്വം മുറുകെപ്പിടിച്ചുതന്നെയാണ് കഴിഞ്ഞ 10 വർഷവും ഹരിത നിലകൊണ്ടത്. പെൺകുട്ടികളിൽ രാഷ്ട്രീയാവബോധം വളർത്തുക മാത്രമല്ല സ്ത്രീത്വത്തിനും മനുഷ്യത്വത്തിനുമെതിരെയുയരുന്ന ഏതൊരു ഭീഷണിക്കെതിരിലും പൊരുതാൻ അവരെ പ്രാപ്തരാക്കുക കൂടി സംഘടന ലക്ഷ്യമിട്ടു.
ഹരിത എന്ന ആശയം
മുസ്ലിം വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേതാവായിരുന്ന അഡ്വ. ഹബീബ് റഹ്മാൻ നയിക്കവെ 1981ലാണ് എം.എസ്.എഫിൽ വനിതവിഭാഗം എന്ന ആശയം ആദ്യമായി ഉയർന്നത്. അതു യാഥാർഥ്യത്തിലെത്തിയത് പി.കെ. ഫിറോസും ടി.പി. അഷ്റഫലിയും സംസ്ഥാന ഭാരവാഹികളായിരുന്നപ്പോഴാണ്. 2012 സെപ്റ്റംബർ 11ന് വളർന്നുവരുന്ന പെൺ സമൂഹത്തിന് ധാർമികമായ പ്രവർത്തന പ്ലാറ്റ്ഫോം എന്ന നിലയിൽ എം.എസ്.എഫിെൻറ ബൈലോയിൽ എഴുതി ചേർക്കപ്പെട്ട പോഷക സംഘടനയായി ഹരിത പ്രയാണം ആരംഭിച്ചു. വിദ്യാർഥിനികളെ രാഷ്ട്രീയ സാമൂഹിക ബോധമുള്ളവരാക്കി മാറ്റുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും ചെയ്യുക, അവകാശപ്പോരാട്ടങ്ങളുടെ മുൻനിരക്കാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പസിനകത്തും പുറത്തും ഞങ്ങൾ സംഘടിച്ചു പ്രവർത്തിക്കുന്നത്.
പച്ചയുടെ പെൺരാഷ്ട്രീയം
പേരിലടങ്ങിയിരിക്കുന്ന പച്ചപ്പും സ്ത്രീത്വവും ഹരിതയുടെ ആത്മാവാണ്. പച്ചയുടെ രാഷ്ട്രീയവും സമയോചിത ഇടപെടലുകളും ഹരിതയെ ജനകീയമാക്കി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 70-80 ശതമാനം വരെ പെണ്‍കുട്ടികളാണ് പഠിക്കുന്നത്. പുതിയ കാലത്ത്, ഉന്നത വിദ്യാഭ്യാസം നേടിയ പുതിയ തലമുറയോട് രാഷ്ട്രീയം പറയാനുള്ള വേദി എന്ന നിലയില്‍ ഏറ്റവും പ്രസക്തമായ പ്രവര്‍ത്തനമാണ് ഹരിത നിര്‍വഹിച്ചു പോരുന്നത്.
സർഗമത്സരങ്ങൾ ഒരുക്കുകയും ലഘുലേഖകളും സാഹിത്യസൃഷ്ടികളും പുറത്തിറക്കുകയും ബോധവത്കരണ പരിപാടികൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്ത് സംഘടനയുടെ സ്വത്വം അടയാളപ്പെടുത്തി. അപരാജിത സ്ത്രീത്വത്തിന് ഹരിത, Brave to say NO, നിശ്ശബ്ദരാവില്ല നേരിൻെറ പെൺപക്ഷം, രാഷ്ട്രീയ സംഘാടനത്തിന് പെൺ കരുത്തിന്റെ വീണ്ടെടുപ്പ്, എല്ലാ ഇടങ്ങളും ഞങ്ങളുടേതു കൂടിയാണ്, ആത്മാഭിമാനത്തിൻെറ പെൺകരുത്ത് നിർഭയം മുന്നോട്ട് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയ കാമ്പയിനുകൾ ശ്രദ്ധേയമായിരുന്നു. സ്ത്രീകൾക്കെതിരെ സമൂഹത്തിൽ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയും, ഫാഷിസ്റ്റ് വർഗീയ അജണ്ടയുടെ ഭാഗമായി മുസ്ലിം സ്ത്രീ വേട്ടയാടപ്പെടുമ്പോഴും, ഉറച്ച ശബ്ദമായും, അവകാശങ്ങൾ ചോദിച്ചു വാങ്ങിയും, നീതിയുടെ പോർനിലങ്ങളിൽ ഹരിതനിലപാടറിയിച്ചു.
കാമ്പസ് വിപ്ലവം ഭരണനേതൃത്വത്തിലേക്ക്
ഹരിത ഒരു ശരിയായ തീരുമാനമാണെന്നും അതിന്റെ സഞ്ചാരം നേർദിശയിലാണെന്നതിനും കാലം നൽകിയ ചില കൈയൊപ്പുകൾ ഉണ്ട്. കേരളത്തിന്റെ രാഷ്ട്രീയ-വിദ്യാഭ്യാസ സാമൂഹിക നവോത്ഥാന ഭൂമികയിൽ വലിയ സ്ഥാനമുള്ള കോഴിക്കോട് ഫാറൂഖ് കോളജ് യൂനിയൻ ചെയർപേഴ്സനായി മിനാ ഫർസാന തെരഞ്ഞെടുക്കപ്പെട്ടത് ചരിത്രം തന്നെയായിരുന്നു. എം.എസ്.എഫ് യൂനിറ്റ് തലപ്പത്തേക്ക് റിസ്വാന ഷിറിൻ തെരഞ്ഞെടുക്കപ്പെട്ടതും നവ മുന്നേറ്റത്തിന് ഊർജം പകരുന്ന ചുവടുവെപ്പായി. നിലപാട് ഉറച്ചു പറയാൻ കഴിയുന്ന പെൺകുട്ടികൾ സെനറ്റ് ഹാളിനുള്ളിൽ വിദ്യാർഥികളുടെ ശബ്ദമായതും, 'ആപ് കാ ടൈംസി'ൻെറ സർവേയിൽ ഇന്ത്യയിലെ മികച്ച വിദ്യാർഥിനേതാക്കളിൽ ഒന്നാമതായി ഫാത്തിമ തഹ്ലിയ തെരഞ്ഞെടുക്കപ്പെട്ടതും ഹരിത നാൾവഴികളുടെ പൊൻവസന്തമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഹരിതയിൽനിന്ന് ഈ കുറിപ്പുകാരി ഉൾപ്പെടെ ഒരുപാട് പെൺകുട്ടികൾ മത്സരരംഗത്തേക്ക് ചുവടുവെച്ചിരുന്നു. ചിലർ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണനേതൃത്വം കൈയാളുന്നു. പുതുതലമുറയിലെ കുട്ടികളെക്കുറിച്ച്, ഹരിതയുടെ സ്വപ്നങ്ങളെക്കുറിച്ച് അന്ന് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് വിശേഷിപ്പിച്ചത് ''പുതിയ തലമുറയുടെ സ്വപ്നങ്ങള്‍ ഇതൊന്നുമല്ല. അവര്‍ ആകാശവും നക്ഷത്രങ്ങളും ലക്ഷ്യം വെച്ചവരാണ്. അവരുടെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ കൂടുതലാവും. ഇനി നമ്മുടെ നാടുകള്‍ ആ സ്വപ്നങ്ങളിലേക്ക് ചുവടുവെക്കും. അവര്‍ക്ക് പാഠങ്ങള്‍ പകര്ന്നുനല്കാന് ഓരോ കാല്‍വെപ്പിലും ഞങ്ങളുണ്ടാവും. ഞങ്ങള്‍ തരണം ചെയ്തതോ തട്ടിനിന്നതോ ആയ കടമ്പകളില്‍ അവര്‍ക്കൊപ്പമുണ്ടാവും. അവരൊരിക്കലും വീഴില്ല, വീഴാന്‍ സമ്മതിക്കില്ല. ഞങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്നങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ പൂര്‍ത്തീകരിക്കും'' എന്നായിരുന്നു.
മാറണം സ്ത്രീവിരുദ്ധ മനോഭാവം
21ാം നൂറ്റാണ്ടിലും കേരളത്തിൻെറ രാഷ്ട്രീയ വ്യവസ്ഥയില്‍ പുരുഷന്മാര് മുതലാളികളും സ്ത്രീകള്‍ തൊഴിലാളികളുമായി തുടരുന്നു. എത്ര കഴിവുള്ള സ്ത്രീയാണെങ്കിലും മികച്ച മാനേജർ എന്ന ലേബലിലേക്ക് മാത്രം രാഷ്ട്രീയത്തിലെ സ്ത്രീകൾ ഒതുങ്ങിപ്പോകുന്നത് ദൗർഭാഗ്യകരമാണ്. പാര്‍ട്ടികളുടെ പുനര്‍നിര്‍മാണത്തിനും രാഷ്ട്രീയ മുതലെടുപ്പിനുംവേണ്ടി അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരങ്ങളായാണ് സ്ത്രീകളെ എന്നും കണ്ടിട്ടുള്ളത്. അതിനപ്പുറം തീരുമാനമെടുക്കുന്ന കമ്മിറ്റികളിലോ നയതന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലോ അവൾക്ക് ഇടം നിഷേധിക്കപ്പെടുന്നു എന്നത് അംഗീകരിക്കാവുന്ന പ്രവണതയല്ല. സമൂഹമാധ്യമങ്ങളില്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയ ശരികള്‍ക്കപ്പുറം, സ്ത്രീവിരുദ്ധത ഉള്ളില്‍പ്പേറുന്ന രാഷ്ട്രീമാണ് കേരളത്തിലെ എല്ലാ മുഖ്യധാര സംഘടനകൾക്കും പാർട്ടികള്‍ക്കുമുള്ളത്.
ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ രണ്ടു രീതിയിലാണ് രാഷ്ട്രീയത്തിലെ സ്ത്രീ പൊതുചര്‍ച്ചകളില്‍ പ്രതിനിധാനം ചെയ്യപ്പെടാറുള്ളത്: ഒന്ന്, സ്വന്തം പാർട്ടിയിലെ അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളോടുപോലും ഐക്യപ്പെട്ട് കലഹിക്കാത്ത, അതുകൊണ്ടുതന്നെ കാലങ്ങളായി ചിലരാൽ അടിച്ചമര്‍ത്തപ്പെട്ട ഇരകളായി തുടരുന്നവർ. രണ്ട്, അനീതിയോടും, സ്ഥിരമായി വേട്ടയാടാറുള്ള പ്രശ്നങ്ങളോടും രാജിയാവാതെ ചോദ്യങ്ങൾ ഉന്നയിച്ചും പ്രതിഷേധ നിലപാടുകൾ രേഖപ്പെടുത്തിയും ഒറ്റക്കെട്ടായി നിന്ന് കലഹിക്കുന്ന പോരാളികൾ. പോരാളികളുടെ പക്ഷത്ത് നിൽക്കാൻ ആഗ്രഹിക്കുകയാണ് ഞങ്ങൾ ഈ സമയങ്ങളിൽ..
അപമാനിക്കുന്നവരോട് സന്ധിയില്ല
കഴിഞ്ഞ ഒരു മാസത്തോളമായി ഹരിതയാണ് മലയാളത്തിലെ വാർത്തകൾ നിറയെ. സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമർശങ്ങൾ നടത്തിയ ഏതാനും എംഎസ്എഫ് നേതാക്കൾക്കെതിരെ ഞങ്ങൾ നൽകിയ പരാതിയാണ് ഇതിന് ആധാരം. മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായും മാധ്യമങ്ങളിലൂടെ അറിഞ്ഞു. നേതൃത്വം സ്വീകരിച്ച നടപടിയിലെ ശരി-തെറ്റുകളെക്കുറിച്ച് കേരളീയ സമൂഹം ചർച്ച തുടങ്ങിയിട്ടുണ്ട്. ഹരിത പരാതി നൽകിയ വിഷയത്തിൽ എതിർ കക്ഷി പാർട്ടിയോ പാർട്ടി ഘടകങ്ങളോ അല്ല. ഭാരവാഹികളായ ചിലരാണ്. ലീഗ് പ്രത്യയശാസ്ത്രത്തിനെതിരെയോ നയങ്ങൾക്കെതിരെയോ അല്ല ഞങ്ങളുടെ പോരാട്ടം. സംഘടനാപരമായി അവകാശങ്ങൾ ലഭിക്കാഞ്ഞതുകൊണ്ടുമല്ല. ആത്മാഭിമാനത്തിനു പോറൽ ഏറ്റപ്പോൾ പ്രതികരിച്ചതാണ്. അതിൽ നീതി പ്രതീക്ഷിച്ചിരുന്നു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് വരുന്ന തലമുറക്ക് മുന്നിൽ ഇത്തരമൊരു സന്ദേശം ഞങ്ങൾക്ക് പങ്കു വെക്കേണ്ടതുണ്ട്. തെറ്റിനെതിരെ വിരൽ ചൂണ്ടേണ്ട കാലത്ത് അതു ചെയ്തില്ലയെങ്കിൽ എന്നും കുറ്റബോധം പേറേണ്ടി വരും. ആത്മാഭിമാനം മുറുകെപ്പിടിച്ചുവേണം ഓരോ നിമിഷവും ജീവിക്കാൻ. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമീഷനിൽ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. ഞങ്ങൾ പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇനിയും വിശ്വസിക്കുന്നു. പച്ചപ്പ് പ്രതീക്ഷയുടേതാണ്. ആ പ്രതീക്ഷ മുറുകെപ്പിടിച്ചുതന്നെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരും. പതിറ്റാണ്ടുകൊണ്ട് ഹരിത ഞങ്ങളെ അതിനു പ്രാപ്തരാക്കിയിട്ടുണ്ട്.