Kerala
വാദി പ്രതിയാകുന്ന കാലം; ലീഗ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ഹരിത നേതാവ്
Kerala

'വാദി പ്രതിയാകുന്ന കാലം'; ലീഗ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി 'ഹരിത' നേതാവ്

Web Desk
|
28 Aug 2021 3:15 PM GMT

മൈസൂരുവിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിൽ മൈസൂർ സർവകലാശാലയും കര്‍ണാടക മന്ത്രിയും സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് 'ഹരിത' സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നിയുടെ പരോക്ഷ വിമർശനം

മുസ്‍ലിം ലീഗ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി 'ഹരിത' നേതാവ്. മൈസൂരുവിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിൽ കര്‍ണാടക മന്ത്രിയും മൈസൂർ സർവകലാശാലയും സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നിയുടെ പരോക്ഷ വിമർശനം.

ഫേസ്ബുക്കിലൂടെയാണ് മുഫീദയുടെ വിമർശനം. വാദി പ്രതിയാകുന്ന കാലമാണിതെന്ന് ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു. ബലാംത്സംഗക്കേസിൽ പ്രതിയായ ഐഐടി വിദ്യാർത്ഥിക്ക് രാജ്യത്തിന്റെ ഭാവി വാഗ്ദാനമാണെന്നു പറഞ്ഞ് ജാമ്യം അനുവദിച്ച ഗുവാഹത്തി കോടതിയുടെ വിധിയും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

എംഎസ്എഫ് നേതാക്കൾക്കെതിരെ ഹരിത നേതാക്കൾ ഉന്നയിച്ച ലൈംഗികാധിക്ഷേപ പരാതിയിൽ ലീഗ് നേതൃത്വം കാര്യമായ നടപടി സ്വീകരിച്ചിരുന്നില്ല. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വിഎ വഹാബ് എന്നിവർക്കെതിരെയായിരുന്നു പരാതി. സംഭവത്തിൽ ഇവർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തുടർനടപടിയുണ്ടാകില്ലെന്നുമായിരുന്നു ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. നേതാക്കളുടെ ലൈംഗികാധിക്ഷേപവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെ തുടർന്ന് ഹരിത സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം ലീഗ് മരവിപ്പിച്ചിരുന്നു.

മുഫീദയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

വാദി പ്രതിയാവുന്ന കാലം!

മൈസൂരുവിലെ ചാമുണ്ഡി ഹിൽസിൽ ആറുപേരുടെ പീഡനത്തിനിരയായ പെൺകുട്ടി തന്നെയാണ് സംഭവത്തിന്റെ കാരണക്കാരിയെന്ന് കർണാടക ആഭ്യന്തര മന്ത്രി. പെൺകുട്ടികൾക്ക് നിയന്ത്രണങ്ങളുമായി യൂനിവേഴ്‌സിറ്റി. ആൺകുട്ടികൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല...

രാജ്യത്തിന്റെ ഭാവി വാഗ്ദാനമെന്ന്; ബലാത്സംഗക്കേസിൽ പ്രതിയായ ഐഐടി വിദ്യാർത്ഥിക്ക് ജാമ്യം അനുവദിച്ച് ഗുവാഹത്തി ഹൈക്കോടതി...

ഇതൊക്കെയാണ് പുതിയ കാലം! ഇങ്ങനെയൊക്കെയാണ് പുതിയ കാലം!

Similar Posts