എംഎസ്എഫ് നേതാവിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാതെ ഹരിത നേതൃത്വം
|പി കെ നവാസടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ ഫേസ്ബുക്കിലിട്ട ഖേദപ്രകടനം കളിയാക്കലിന് തുല്യമാണെന്ന് ഹരിത നേതാക്കള്‍ കരുതുന്നു
എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാതെ ഹരിത നേതൃത്വം. ഹരിത മലപ്പുറം ജില്ലാ കമ്മറ്റി പുനസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായാലേ പരാതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന നിലപാടിലാണ് നേതാക്കള്‍.
പി കെ നവാസും ഹരിതയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ലീഗ് നേതൃത്വം അവകാശപ്പെട്ടിട്ട് ഒരാഴ്ചയായി. ഹരിത, വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്താക്കുറിപ്പ് നല്‍കിയത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമാണ്. പക്ഷെ പരാതി പിന്‍വലിച്ചില്ലെന്ന് മാത്രമല്ല പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നാണ് ഹരിത പ്രസിഡന്‍റ് മുഫീദ തെസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയുമടക്കമുള്ള നേതാക്കള്‍ പറയുന്നത്.
പി കെ നവാസടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ ഫേസ്ബുക്കിലിട്ട ഖേദപ്രകടനം കളിയാക്കലിന് തുല്യമാണെന്ന് ഹരിത നേതാക്കള്‍ കരുതുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഹരിത നേതൃത്വത്തിന് അനുകൂലമായ ചില തീരുമാനങ്ങള്‍ ലീഗ് എടുത്തിരുന്നു. ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയിലെ പുനസംഘടന, എംഎസ്എഫ് കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം എന്നിവയാണ് അത്. അക്കാര്യത്തിലെങ്കിലും ഒരു തീരുമാനം ഉണ്ടായാലേ പരാതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂവെന്നാണ് ഹരിതയുടെ നിലപാട്. അതേസമയം പരാതി പിന്‍വലിച്ചില്ലങ്കില്‍ ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന ആവശ്യം മറുപക്ഷം ഉന്നയിക്കുന്നു. ഇ ടി മുഹമ്മദ് ബഷീറിനെ തുടര്‍ ചര്‍ച്ചക്കായി ലീഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്.