Kerala
Harshina protest in 100th day
Kerala

നീതി തേടി ഹർഷിനയുടെ സമരം നൂറാം ദിനത്തിൽ; മെഡിക്കൽ കോളജിന് മുന്നിൽ പട്ടിണി സമരം

Web Desk
|
29 Aug 2023 1:10 AM GMT

കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയെന്ന പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഡി.എം.ഒ അധ്യക്ഷനായ മെഡിക്കൽ ബോർഡ് തള്ളിയിരുന്നു.

കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന നടത്തുന്ന സത്യഗ്രഹ സമരം നൂറ് ദിവസം പിന്നിടുന്നു. തിരുവോണ ദിവസമായ ഇന്ന് കോഴിക്കോട് മെഡി. കോളേജിന് മുന്നിൽ സമരസമിതി പട്ടിണിസമരം നടത്തും. സംവിധായകൻ ജോയ് മാത്യു പ്രതിഷേധത്തിൽ പങ്കെടുക്കും. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയും ഉചിതമായ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ഹർഷിന സമരം തുടങ്ങിയത്.

കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയെന്ന പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഡി.എം.ഒ അധ്യക്ഷനായ മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. ഇതിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹർഷിനയുടെ ആരോപണം. കേസിൽ കുറ്റക്കാരായ ആരോഗ്യപവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമെടുത്ത കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും.

2017ൽ മൂന്നാമത്തെ പ്രസവത്തിന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഹർഷിന ബുദ്ധിമുട്ടിലായത്. വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയാ ഉപകരണം ആർട്ടറി ഫോർസെപ്‌സുമായി ഹർഷിന ജീവിച്ചത് അഞ്ചുവർഷം. മെഡിക്കൽ കോളജ് അസി. പൊലീസ് കമ്മീഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതിചേർക്കാനാണ് പൊലീസ് നീക്കമെന്നാണ് അറിയുന്നത്. കുറ്റക്കാരെ ശിക്ഷിക്കുകയും മതിയായ നഷ്ടപരിഹാരം ലഭിക്കുകയും വേണമെന്ന ആവശ്യമാണ് ഹർഷിന ഉയർത്തുന്നത്.

Similar Posts