പൂർണനീതി തേടി ഹർഷിനയുടെ ഒറ്റയാൾ പോരാട്ടം ഇനി തലസ്ഥാനത്ത്: സെക്രട്ടേറിയറ്റിന് മുന്നിലിന്ന് സമരത്തുടക്കം
|സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ധർണ സമരം നടത്തിയ ശേഷം ഹർഷിന മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കും
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുൻപിൽ സമരവുമായി ഹർഷിന. സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ഏകദിന ധർണ്ണയാണ് നടത്തുക.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയ സാഹചര്യത്തിലാണ് സമരം തലസ്ഥാനത്തേക്ക് മാറ്റാൻ ഹർഷിന തീരുമാനിച്ചത്.
സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ധർണ സമരം നടത്തിയ ശേഷം മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കും. പൊലീസ് അന്വേഷണ റിപ്പോർട്ടിൽ സത്യം വെളിപ്പെട്ടിട്ടും കുറ്റക്കാരെ സംരക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നാണ് ഹർഷിനയുടെ ആരോപണം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ശസ്ത്രക്രിയ ഉപകരണം വയറിൽ കുടുങ്ങിയതെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് ജില്ലാ മെഡിക്കൽ ബോർഡ് നിലപാടെടുത്തത്. പൊലീസ് അന്വേഷണ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളുകയും ചെയ്തു. എന്നാൽ, അന്വേഷണ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്.
ജില്ലാ പൊലീസ് മേധാവിയുടെ പരിശോധനയ്ക്ക് ശേഷം സംസ്ഥാന മെഡിക്കൽ ബോർഡിന് പൊലീസ് തിങ്കളാഴ്ച അപ്പീൽ നൽകി. 30 ദിവസത്തിനുള്ളിൽ ബോർഡിന് നടപടി സ്വീകരിക്കാം. ഇതുകൂടി പരിശോധിച്ച ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത് അടക്കമുളള കാര്യങ്ങളിലേക്ക് പൊലീസ് കടക്കുക.